കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇനി തിരക്ക് കുറയും; ഒ.പിയിലും കാഷ്വാലിറ്റിയിലും എട്ടോളം ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ദിവസവും എട്ടോളം ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നു. ഒ.പി.വിഭാഗത്തിലും കാഷ്വാലിറ്റിയിലുമാണ് ഇവരുടെ സേവനം ലഭ്യമാകുക.
ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാരുടെ മൂന്നാഴ്ചത്തെ ട്രെയിനിങ്ങിന്റെ ഭാഗമായി താലൂക്ക് ആശുപത്രികളില്‍ പോസ്റ്റിങ് നല്‍കാന്‍ തീരുമാനിച്ചതും കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ഗുണം ചെയ്തതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് വിനോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മൂന്നാഴ്ചയാണ് ട്രെയിനിങ് കാലാവധി. ഇതുകഴിഞ്ഞാല്‍ പുതിയ ബാച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ദിവസേനെ 2000ത്തിലധികം രോഗികളാണ് ചികില്‍സക്കായി എത്തുന്നത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം എല്ലാ വിഭാഗങ്ങളിലും ഡോക്ടറുണ്ടെങ്കിലും രോഗികളുടെ ബാഹുല്യവും ഡോക്ടര്‍മാരുടെ എണ്ണവും തമ്മില്‍ ഒത്തുപോകാത്ത അവസ്ഥയുണ്ട്. ഇതിനിടയില്‍ ഡോക്ടര്‍മാരുടെ അവധിയോ മറ്റോ വന്നാല്‍ അത് ഒ.പിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയും രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്താനും എന്‍.ആര്‍.എച്ച്.എമ്മില്‍ നിന്ന് മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സൂപ്രണ്ട് അറിയിച്ചു.