കൊയിലാണ്ടിയിലെത്തിയത് പള്‍സ് നിലച്ച നിലയില്‍, ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ പുറക്കാട് സ്വദേശിക്ക് ലഭിച്ചത് വിലപ്പെട്ട ജീവന്‍ തന്നെ; സന്തോഷം അറിയിക്കാനെത്തി രോഗിയും ജീവനക്കാരെ ആദരിച്ച് ആശുപത്രിയും


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ച് രോഗി. ഹൃദയാഘാതം വന്ന് ആശുപത്രിയിലേക്ക് പോകവെ കൊയിലാണ്ടിയില്‍വെച്ച് പള്‍സ് പോലും നിലച്ച് ഗുരുതരാവസ്ഥയിലായ പുറക്കാട് സ്വദേശി ഷംസുദ്ദീനാണ് ജീവന്‍ തിരിച്ചുകിട്ടാന്‍ സഹായിച്ച ജീവനക്കാരെ കാണാനായെത്തിയത്. ജീവനക്കാരെ ഷംസുദ്ദീന്‍ തുടര്‍ ചികിത്സ തേടിയ മൈക്രോ ആശുപത്രി അധികൃതര്‍ ആദരിക്കുകയും ചെയ്തു.

മെയ് അഞ്ചിനായിരുന്നു സംഭവം. നെഞ്ചുവേദന വന്ന് പുറക്കാടുനിന്നും പരിശോധിച്ചപ്പോള്‍ ഇ.സി.ജിയില്‍ ഗുരുതരമായ പ്രശ്‌നം കണ്ടതിനെ തുടര്‍ന്നാണ് ഷംസുദ്ദീനെ കോഴിക്കോടേക്ക് കൊണ്ടുപോയത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ കൊയിലാണ്ടിയിലെത്തിയതോടെ വേദന കൂടി. ഇതോടെ ആശുപത്രി പരിസരത്തുവെച്ച് യാത്ര ആംബുലന്‍സില്‍ ആക്കാന്‍ തീരുമാനിക്കുകയും ഇതുപ്രകാരം ആംബുലന്‍സ് വിളിച്ച് രോഗിയെ കയറ്റാന്‍ ശ്രമിക്കവെ പള്‍സ് നിലച്ചതായി ശ്രദ്ധയില്‍പ്പെടുകയുമായിരുന്നു.

ആംബുലന്‍സ് ഡ്രൈവറായ റിയാസും സഹായി സംഘടനയുടെ വളണ്ടിയര്‍ സിദ്ദിഖും എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നീഷ്യന്‍ വിഷ്ണുവും ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയും ഉടനെ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു. അനുലാല്‍, അരുണ്‍ എന്നീ നഴ്‌സുമാരും ഭാര്യരൂപ, ആതിര എന്നീ ഡോക്ടര്‍മാരും ഇടപെട്ട് രോഗിയ്ക്ക് സി.പി.ആര്‍ നല്‍കി. പത്തുമിനിറ്റുനേരത്തെ കഠിനപരിശ്രമത്തിനൊടുവില്‍ പള്‍സ് തിരിച്ചുകിട്ടുകയും തുടര്‍ന്ന് രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

അരീക്കല്‍ താഴെ സ്വദേശി സുധീഷിന്റെ ജീവന്‍ രക്ഷിക്കുന്നതിലും ജീവനക്കാരുടെ ഇടപെടല്‍ നിര്‍ണായകമായി. ഇരുവരുടെയും വിവരങ്ങള്‍ അറിഞ്ഞ ആശുപത്രി അധികൃതര്‍ താലൂക്ക് ആശുപത്രിയിലെത്തി ജീവനക്കാരെയും മറ്റ് സഹായികളെയും ആദരിക്കുകയായിരുന്നു.