‘അപകടകാരിയായ വൈറസിന് മുമ്പില്‍ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് ജീവിതത്തിലൂടെ ധൈര്യം പകര്‍ന്ന സിസ്റ്റര്‍ ലിനി’ അനുസ്മരണ പരിപാടിയുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനമായ മെയ് 21ന് അനുസ്മരണവും രക്തദാന പരിപാടിയും സംഘടിപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി. കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു അംഗവും എച്ച്.എം.സി ജീവനക്കാരിയുമായ സിസ്റ്റര്‍ ലിനിയെ നിപ്പ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് ജീവന്‍വെടിയുന്നത്.
അത്യന്തം അപകടകാരിയായ വൈറസിന് മുമ്പില്‍ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് തന്റെ ജീവിതത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗമനോ ഭാവത്തിന്റെയും സേവന സന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റര്‍ ലിനി.
കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണ പരിപാടി മുന്‍ എം.എല്‍.എയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു.
എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.മിനി, ഡോ.മംഗള യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍ ഒഞ്ചിയം, പി.എസ്.രശ്മി, എ.പി.ലജിഷ, ബിജീഷ്, ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു. KGHDSEU സി.ഐ.ടി.യു നേതൃത്വത്തില്‍ അനുസ്മരണ ദിനത്തില്‍ മുന്‍വര്‍ഷത്തെപ്പോലെ ജീവനക്കാര്‍ രക്തദാനം നല്‍കി.