കൊയിലാണ്ടി സ്റ്റേഡിയവും പരിസരവും ലഹരി സംഘങ്ങളുടെ സ്ഥിരം കേന്ദ്രം; സ്‌റ്റേഡിയത്തിന് അടച്ചുറപ്പില്ലാത്തതും രാത്രിസമയത്ത് വെളിച്ചമില്ലാത്തതും ലഹരി മാഫിയയ്ക്ക് സൗകര്യമാകുന്നു


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ സ്റ്റേഡിയവും പരിസരവും ലഹരിമാഫിയ കേന്ദ്രമാകുന്നതിനെതിരെ പ്രതിഷേധമുയരുന്നു. കുറുവങ്ങാട് അണേല ഊരാളി വീട്ടില്‍ അമല്‍ സൂര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമല്‍ ലഹരിയ്ക്ക് അടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അമലിനൊപ്പം ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ വരകുന്ന് സ്വദേശി മന്‍സൂറിനെയും ഇവിടെ കണ്ടിരുന്നു. മന്‍സൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കൊയിലാണ്ടി സ്‌റ്റേഡിയവും പരിസരവും ലഹരി സംഘങ്ങളുടെ പ്രധാന കേന്ദ്രമാണ്. സ്റ്റേഡിയത്തിന് അടച്ചുറപ്പില്ലാതെ ആര്‍ക്കും എപ്പോഴും കടന്നുപോകാവുന്ന സ്ഥിതിയിലുമാണ്. രാത്രി സമയത്ത് ഇവിടെ വെളിച്ചവുമില്ല. താലൂക്ക് ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള സ്റ്റേഡിയത്തിന്റെ മതിലിനോട് ചേര്‍ന്ന വഴിയും സ്‌റ്റേഡിയവും സ്ഥിരം രാത്രിയായാല്‍ ലഹരി സംഘങ്ങളുടെ കേന്ദ്രമാണ്. ഒരാഴ്ചമുമ്പ് സ്റ്റേഡിയത്തില്‍ കൊയിലാണ്ടി എക്‌സൈസ് പരിശോധന നടത്തിയിരുന്നു. ഇവിടെ പ്രായമായ ഒരാള്‍ സ്ഥിരം ലഹരി വില്‍പ്പന നടത്തുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളെ പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നും കൊയിലാണ്ടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ സ്റ്റേഡിയത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മന്‍സൂറിന് ഒന്നരമാസം മുമ്പ് എക്‌സൈസ് പിടികൂടി കേസെടുത്തിരുന്നു. മരണപ്പെട്ട അമല്‍ സൂര്യയ്‌ക്കെതിരെ ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ കേസുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാലങ്ങളായി ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. ഇടയ്ക്കാലത്ത് ലഹരി ഉപയോഗം നിര്‍ത്തി ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് വീണ്ടും ലഹരിയിലേക്ക് തന്നെ പോകുകയായിരുന്നു.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ഓവര്‍ ബ്രിഡ്ജിന് താഴെ, സ്റ്റേഡിയം പരിസരം എന്നിവിടങ്ങള്‍ ഏറെക്കാലമായി ലഹരി സംഘങ്ങള്‍ കേന്ദ്രമാക്കിയിരുന്നു. റെയില്‍വേയുടെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ പരിസരത്ത് ഉപേക്ഷിച്ചതും റെയില്‍വേ ഭൂമിയില്‍ കാടുപിടിച്ചു കിടന്നതും ഇത്തരക്കാര്‍ക്ക് സൗകര്യമായിരുന്നു. പകല്‍ സമയത്തും ഇത്തരം മറവുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമായിരുന്നു. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കാടുപിടിച്ച ഇടങ്ങള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കിയോടെ ഈ ഭാഗത്ത് ലഹരിമാഫിയയുടെ ശല്യം കുറഞ്ഞിട്ടുണ്ടെന്ന് എക്‌സൈസ് പറയുന്നു. നിലവില്‍ സ്റ്റേഡിയത്തിന്റെ പരിസരത്താണ് ഇത്തരം ആളുകളെ കാണുന്നത്. ഇവിടെ ഇടയ്ക്കിടെ പരിശോധന നടത്താറുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.