ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം; കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍: പിടിയിലായത് വാഹനമോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായവര്‍


കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘം പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ്.

പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ്, കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലുപാടം മരക്കാംകാരപറമ്പ് രജീഷ് എന്നിവരാണ് പിടിയിലായത്. ലഹരിക്ക് അടിമകളായ പ്രതികള്‍ വാഹനമോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് ജയില്‍ മോചിതരായത്.

മെഡിക്കല്‍ കോളേജ് പരിസരത്തെ അതിഥി തൊഴിലാളികളുടെ മുറിയില്‍ മോഷ്ടിക്കാന്‍ കയറിയ ജിംനാസിനെ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും പാളയത്തെ ലോഡ്ജില്‍ നിന്ന് പിടികൂടിയതും.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് പതിവായ സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ അമോസ് മാമന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് നടത്തിയ രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു. അടുത്തിടെ മെഡിക്കല്‍ കോളേജിന് സമീപം ഒരു താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഒരാള്‍ പണം പിന്‍വലിച്ചത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലായിരുന്നു ഇയാള്‍ എ.ടി.എം കൗണ്ടറിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജിംനാസ് പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പലമോഷണ കേസുകള്‍ക്കും തുമ്പുണ്ടായതായും ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.