ബാലുശേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരായ ആക്രമണം; പിന്നില്‍ രാഷ്ട്രീയ വിരോധം: 29 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്


ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിനു നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറിലുണ്ട്.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു.

രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനുശേഷമാണ് ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിച്ച പലരെയും നേരിട്ട് കണ്ടിട്ടുണ്ടെന്ന് ജിഷ്ണു പൊലീസിന് മൊഴി നല്‍കിയിരുന്നു. ആയുധവുമായെത്തിയാണ് ആക്രമണമിച്ചതെന്നും ജിഷ്ണു പറഞ്ഞു.