കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ഒഴിഞ്ഞയിടങ്ങളിലും കേന്ദ്രമാക്കി ലഹരിമാഫിയ; ടൗണില്‍ പതിനഞ്ചുകാരന് ബലം പ്രയോഗിച്ച് മയക്കുമരുന്ന് നല്‍കിയ സംഭവത്തോടെ രക്ഷിതാക്കള്‍ ആശങ്കയില്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മയക്ക്മരുന്ന് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം കൊയിലാണ്ടി ടൗണില്‍ എത്തിയ 15 കാരനെ റെയില്‍വേസ്റ്റേഷന്‍ ഭാഗത്തേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ സംഭവത്തോടെ രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഈ കുട്ടിയെ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞുവിടുകയാണുണ്ടായത്.

കൊയിലാണ്ടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളും, ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രമാക്കിയാണ് ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് അടക്കമുള്ള മയക്ക് മരുന്നുകള്‍ കൊയിലാണ്ടിയിലാണെത്തുന്നതെന്ന് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരെ പിടികൂടാന്‍ പൊലീസിനും എക്‌സൈസിനും കഴിയുന്നില്ല. ലഹരി സംഘത്തിന്റെ തലവന്മാരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും മാഫിയകളുടെ തന്ത്രപൂര്‍വ്വമുള്ള ഇടപെടലില്‍ പൊലീസിന്റെ ശ്രമങ്ങള്‍ വിഫലമാകുകയാണ്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടമായതുകൊണ്ടുതന്നെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ലഹരിസംഘം കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ ഇത്തരം സംഘങ്ങളുടെ കൈകളില്‍ അകപ്പെടാതിരിക്കാന്‍ പി.ടി.എകളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് പറയുന്നത്.