വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൊയിലാണ്ടി പോലീസ്; വൻ വിലക്കിഴിവുമായി പോലീസ് സൊസൈറ്റി സ്കൂൾ ബസാർ
കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൊയിലാണ്ടി പോലീസ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ ഒരു കുടക്കീഴിലൊതുക്കി നൽകുകയാണ് കൊയിലാണ്ടി പോലീസ്. പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ വഴിയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
കൊയിലാണ്ടിയിലൊരുക്കിയിരിക്കുന്ന മേള ഇന്ന് വടകര ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ പി രജിത ആദ്യ വിൽപ്പന നിർവ്വഹിച്ചു. യോഗത്തിൽ പോലീസ് സൊസൈറ്റി പ്രസിഡൻ്റ് വി.പി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി അരയൻകാവ് റോഡിലുള്ള പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് മേള ഒരുക്കിയിരിക്കുന്നത്. മേള രണ്ടു മാസത്തേക്കാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ അൻപത് ശതമാനം വരെ വിലക്കുറവിലാണ് ബസാറിൽ ലഭ്യമാവുന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് സ്കൂൾ ബസാറിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 5000 രൂപ വരെ പലിശരഹിത വായ്പയും നൽകുന്നതാണ്.
ചടങ്ങിൽ കൊയിലാണ്ടി ഐ.പി എൻ സുനിൽകുമാർ, കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എ രഘുനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സംഘം വൈസ് പ്രസിഡന്റ് ഇ.പി ശിവാനന്ദൻ സ്വാഗതവും സംഘം സെക്രട്ടറി എം.കെ ബീന നന്ദിയും പറഞ്ഞു.
[bot1]