കുവൈത്തിലെ ബഹറിൻ എംബസിക്കു മുന്നിൽ വളരും കൊയിലാണ്ടിക്കാരന്റെ സ്നേഹ മരം


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: കുവൈത്തിലെ ബഹറിൻ എംബസിക്കു ചുറ്റും വിവിധ സ്നേഹ തൈകളുണ്ട്. നാളെകളിൽ ഫലം കഴിക്കാനായി പോകുന്ന, തണൽ മരങ്ങളാവുന്ന മാവായും, ഓമയ്ക്കയായും ഒക്കെ വളരുന്ന സ്നേഹ മരങ്ങൾ. കൊയിലാണ്ടിയുടെ കൈകളാണ് ആ സ്നേഹ വിത്തിനു പിന്നിൽ. വൃക്ഷങ്ങളെ ഏറെ സ്നേഹിക്കുന്ന കൊയിലാണ്ടി സ്വദേശി യൂസഫ് യൂ സൈറയാണ് ലോക പരിസ്ഥിതി ദിനത്തിൽ കുവൈറ്റ് ബഹറൈന്‍ എംബസിക്ക് മുന്നിൽ വൃക്ഷത്തൈ നട്ടത്.

എംബസ്സിയിൽ പരിസ്ഥിതി ദിനാഘോഷങ്ങളൊന്നും നടത്താറില്ലെങ്കിലും യുസുഫിന്റെ സ്വന്തം താല്പര്യ പ്രകാരം വൃക്ഷ തൈകൾ നടാൻ ആരംഭിക്കുകയായിരുന്നു. ഇന്ന് ബഹറിൻ എംബസിക്കു മുൻപിൽ യൂസഫ് മാവിൻതൈ നട്ടു പരിസ്ഥിദിനത്തിൽ പ്രകൃതിക്കായി സ്നേഹം സമ്മാനിച്ചു.

കൊയിലാണ്ടിയിലെ ആദ്യ കാല വ്യാപാരികളിലൊരാളായ യൂസഫ് പതിനെട്ട് വർഷങ്ങൾക്ക് മുൻപാണ് കടൽ കടന്ന് കുവൈറ്റിലെത്തുന്നത്. വിവിധ സ്ഥാപങ്ങളിൽ ജോലി ചെയ്ത ശേഷം കഴിഞ്ഞ എട്ടു വർഷങ്ങളായി എംബസ്സിയിൽ തന്നെയാണ്. നാലു വർഷങ്ങൾക്കു മുൻപാണ് മരങ്ങൾ നാട്ടാലെന്താ എന്ന ആലോചന വരുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചല്ലാതെയും ഇദ്ദേഹം മരങ്ങൾ നടാറുണ്ട്. മാസങ്ങൾക്കു മുൻപും ഒരു മാവിൻ തൈ നട്ടതായി യൂസഫ് ഓർക്കുന്നു.

ഓമയ്ക്ക, പുതിന, ബത്തക്ക, തക്കാളി തുടങ്ങി വിവിധ ഫല വൃക്ഷ തൈകൾ ഇതിനകം യൂസഫ് നട്ടിട്ടുണ്ട്. ഇത് കൂടാതെ കുവൈത്തിൽ പ്രത്യേക തരം ചെടികളും അവിടെ നാട്ടു വളർത്തുന്നുണ്ട്. താൻ നട്ട ഓമയ്ക്ക പൂവിട്ടതിന്റെ സന്തോഷത്തിലാണ് യൂസഫ്. അംബാസ്സിഡർക്കു കഴിക്കാനായി കൊണ്ട് വന്ന ഓമയ്ക്കയിലെ കുരുക്കൾ കളയാതെ എടുത്തു മാറ്റുകയും അതെടുത്തു നാടുകയുമായിരുന്നുവെന്ന് യൂസഫ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വാസം കുവൈത്തിലാണെങ്കിലും യുസുഫിന്റെ മനസ്സ് മുഴുവനും കൊയിലാണ്ടിയിലാണ്. നാട്ടിൽ നടക്കുന്ന ഓരോ മരണ വാർത്തകളും മറ്റു അനുബന്ധ വാർത്തകളും ആദ്യം തന്നെ പ്രത്യക്ഷമാവുന്നത് യുസഫിന്റെ ഫേസ്ബുക് പേജിലാണ്. വളരെ ചെറിയ പ്രായം മുതൽ കൊയിലാണ്ടിയിൽ കച്ചവടത്തിനിറങ്ങിയതാണ് ഇദ്ദേഹം. കൊയിലാണ്ടിയിൽ യൂ സൈറ എന്ന സ്ഥാപനം ഇപ്പോഴുമുണ്ട്. ജോലിയുടെ ഇടവേളകളിൽ തന്റെ പ്രകൃതി സ്നേഹം തുടരാൻ തന്നെയാണ് യൂസഫിന്റെ ആഗ്രഹം.