നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍, ഡ്രൈവർമാരുടെ സംഗമ വേദികളിലും ഏറെ സജീവം, സൗദിയിൽ അപകടത്തിൽ മരിച്ച കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും


കൊയിലാണ്ടി: സുഹൃത്തിന്റെ മരണ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കൊയിലാണ്ടിയിലെ ചെറുപ്പക്കാർക്ക്. കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി നജീബ് മരണപെട്ടു എന്നുള്ള വാർത്ത ഉൾക്കൊള്ളാനാവാതെ വീടും. ഇന്നലെ രാവിലെയാണ് കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

കൊയിലാണ്ടിയിൽ വാഹനമോടിച്ചു കൊണ്ടിരുന്ന നജീബ് കുറച്ചു വർഷങ്ങളായി സൗദിയിൽ ജോലി ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഈയടുത്ത അവധിക്ക് നാട്ടിൽ വന്ന് പ്രിയപെട്ടവരോട് കൂടെ ഏറെ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമായി അല്‍ഹസയിലേക്ക് വരുന്നതിനിടെയാണ് അപകടം.

മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. വാഹനാപകടത്തിൽ രണ്ട ഈജിപ്ത്യന്‍ പൗരന്മാരും മരിച്ചു. ഇവര്‍ യാത്ര ചെയ്തിരുന്ന ജി എം സി സബര്‍ബന്‍ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. വാഹനം ഓടിച്ചിരുന്നത് നജീബ് ആയിരുന്നു. മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച നജീബിന്റെ വാഹനം പൂര്‍ണമായും തകരുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കൊയിലാണ്ടി ആനവാതില്‍ക്കല്‍ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ് നജീബ്. ഹസ്നയാണ് ഭാര്യ. മുഹമ്മദ് ഹാദി ഏകമനാണ്. നൗഫല്‍, നജില, നഫ്ല എന്നിവര്‍ സഹോദരങ്ങളാണ്. റിയാദിലെ സേഫ് വേ, സ്മാര്‍ട്ട് വേ തുടങ്ങിയ ഡ്രൈവര്‍മാരുടെ വേദികളില്‍ സജീവാംഗമാണ് നജീബ്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.