‘കാര്‍ബണ്‍ ന്യൂട്രല്‍ കൊയിലാണ്ടി’ പ്രവര്‍ത്തനത്തിന് കൊയിലാണ്ടി നഗരസഭ തുടക്കമിടുന്നു; വിദഗ്ധരുള്‍പ്പെടെ പങ്കെടുക്കുന്ന യോഗം ഇന്ന്
കൊയിലാണ്ടി: കാര്‍ബണ്‍ വാതകങ്ങള്‍ സമതുലിതമാക്കി അന്തരീക്ഷത്തില്‍ നിലനിര്‍ത്തി ചൂട് കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന ദീര്‍ഘകാല പദ്ധതി നടപ്പിലാക്കാന്‍ കൊയിലാണ്ടി നഗരസഭ ആലോചിക്കുന്നു. ഇതിനായി ബൃഹത്തായ കര്‍മ്മപദ്ധതി ക്ക് രൂപം കൊടുത്തു കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കി സാമൂഹിക ബോധവല്‍ക്കരണത്തിലൂടെ ഈ പ്രവര്‍ത്തനം ഏറ്റെടുത്തു നടപ്പാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്.
പദ്ധതി ചര്‍ച്ച ചെയ്ത് രൂപരേഖ ഉണ്ടാക്കുന്നതിനായി മെയ് 16 ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ഈ മേഖലയിലെ വിദഗ്ദരുള്‍പ്പെടെയുള്ളവരുടെ യോഗം ചേരുന്നുണ്ട്.
അന്തരീക്ഷ താപം വര്‍ധിച്ചു വരുന്നതും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലും ജീവജാലങ്ങളുടെ നിലനില്പിനും കടുത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പാരിസ്ഥിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കാനും അവയുടെ സാങ്കേതികവും ശാസ്ത്രീയവുമായ ആഗിരണം ഫലവത്താക്കി കാര്‍ബണ്‍ വാതകങ്ങള്‍ സമതുലിതമാക്കുകയുമാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.