മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ മുന്നേറ്റം; കൊയിലാണ്ടി നഗരസഭയ്ക്കും മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്


Advertisement

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന്‌ കൊയിലാണ്ടി നഗരസഭയ്ക്കും ഓഫീസുകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന്‌ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ വച്ച് നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാറും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യറും ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

Advertisement

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിനാണ് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം ലഭിച്ചത്‌. മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ 5 പാർക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വർഷത്തിനുള്ളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ളത്. നഗരസഭ ഫണ്ടുകളോ സര്‍ക്കാര്‍ ഫണ്ടുകളോ ഇല്ലാതെ അഭ്യുദയാകാംക്ഷികളുടെ സഹകരണത്തോടെയാണ് 5 പാർക്കുകളും പണികഴിപ്പിച്ചത്‌.

Advertisement

പഴയ ബസ്റ്റാൻഡിന് മുൻവശത്തായി ഹൈവേയോട് ചേർന്ന ഹാപ്പിനസ് പാർക്ക്, കൊടുക്കാട്ടുമുറി പുഴയോരത്ത് നിർമ്മിച്ച ജൈവവൈവിധ്യ പാർക്ക്, സിവിൽ സ്റ്റേഷന് സമീപത്ത് നിർമ്മിച്ച സ്നേഹാരാമം, ബസ്റ്റാൻഡ് പരിസരത്ത് യു.എ ഖാദറിന്റെ പേരിലുള്ള യു.എ സാംസ്കാരിക പാർക്ക്, ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ച സായാഹ്ന പാർക്ക് എന്നിവയാണ് നഗരത്തിലെ പാർക്കുകൾ.

എല്ലാ പാർക്കുകളിലും ചെടികൾ നട്ട് മനോഹരമാക്കുകയും, വൈദ്യുത വിളക്കുകളാൽ ദീപാലങ്കൃതമാക്കുകയും, ആളുകൾക്ക് ഇരിക്കുന്നതിന് ഇരിപ്പിടങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് വിവിധ പാർക്കുകളിൽ ഒഴിവ് സമയം ചെലവഴിക്കുന്നതിന് പാർക്കുകളിൽ എത്തുന്നത്. നഗരസഭയുടെ ശുചിത്വ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കും ഉപഹാരം സമർപ്പിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും വൈസ്‌ ചെയർമാൻ അഡ്വ.കെ സത്യനും പറഞ്ഞു.

Advertisement

ഓഫീസിൽ ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ കൃത്യമായി ശാസ്ത്രീയമായി സംസ്കരിച്ചും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും, ഓഫീസും പരിസരവും ചെടികൾ നട്ടുപിടിപ്പിച്ച് ഭംഗി വരുത്തിയതിനും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഓഫീസ് പ്രവർത്തിച്ചതിനുമാണ് സിവിൽ സ്റ്റേഷന് ആദരവ് ലഭിച്ചത്.

ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾ തദ്ദേശസ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ, മാതൃകകൾ പങ്കുവെക്കാനാണ് ഹരിത കേരള മിഷൻ വേദിയൊരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിസ്ഥിതി സംഗമത്തിൽ പങ്കെടുത്തു.

Description: Koyilandy Municipality and Koyilandy Mini Civil Station honored by Haritha Kerala Mission