കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട്: പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ടീയ പ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍


കൊയിലാണ്ടി: നഗരസഭയുടെ 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടില്‍ മറ്റ് നഗരസഭകളിലേതു പോലെ സാധാരണ പരാമര്‍ശങ്ങള്‍ മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞ എല്ലാ പരാമര്‍ശങ്ങള്‍ക്കും തയ്യാറാക്കിയ വിശദമായ മറുപടി കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. കുടിവെള്ള വിതരണമുള്‍പ്പെടെയുള്ളവ നഗരസഭ കൗണ്‍സില്‍ മുമ്പ് ഐകകണ്ഠേന തീരുമാനമെടുത്തതാണ്. മറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. യോഗത്തില്‍ ഓഡിറ്റ് ചര്‍ച്ച തുടങ്ങിയത് മുതല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍മാരെ രക്ഷിക്കാനുള്ള മറുപടികളായിരുന്നു ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.