ക്ലീൻ ഫ്രൂട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരത്തിന്റെ നിറവിൽ കൊയിലാണ്ടി മാർക്കറ്റ്; പദവി ലഭിക്കുന്ന ജില്ലയിലെ ആദ്യ മാർക്കറ്റ്
കൊയിലാണ്ടി: ക്ലീൻ ഫ്രൂട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരം നേടി കൊയിലാണ്ടി മാർക്കറ്റ്. എഫ്.എസ്.എസ്.എ.ഐ യുടെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായുള്ള ക്ലീൻ ഫ്രൂട്ട്സ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരത്തിന് കൊയിലാണ്ടി നഗരസഭാ മാർക്കറ്റ് അർഹമായതായി ഭക്ഷ്യസുരക്ഷ കൊയിലാണ്ടി സർക്കിൾ ഓഫീസർ വിജി വിത്സനും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ ക്ലീൻ ഫ്രൂട്ട്സ് വെജിറ്റബിൾ മാർക്കറ്റ് എന്ന പദവി ഇതോടെ കൊയിലാണ്ടിക്ക് സ്വന്തമായി.
മാർക്കറ്റിലെ എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ ലൈസെൻസ് ഉണ്ടായിരിക്കുക, എല്ലാ ജീവനക്കാരും ഭക്ഷ്യ മാനദണ്ഡങ്ങളെ പറ്റിയും പച്ചക്കറി-പഴവർഗങ്ങളിലെ മായത്തെ പറ്റി ബോധവന്മാരാവുക, വൃത്തിയുള്ള അന്തരീക്ഷത്തിൽ പച്ചക്കറി-പഴവർഗങ്ങൾ വിപണനം നടത്തുക എന്നീ മാനദണ്ഡങ്ങൾ കൊയിലാണ്ടി മാർക്കറ്റിൽ പാലിക്കപ്പെടുന്നുണ്ട്. ഫോസ്റ്റാക് എന്ന ഭക്ഷ്യസുരക്ഷ പരിശീലനം നേടുകയും ചെയ്തു.
ഇതിനു ശേഷമാണ് എഫ്.എസ്.എസ്.എ.ഐ യുടെ അംഗീകൃത എജൻസിയുടെ ഓഡിറ്റിന് മാർക്കറ്റ് വിധേയമായത്. കൊയിലാണ്ടി മാർക്കറ്റിലെ പഴം-പച്ചക്കറി വ്യാപാരികളുടെയും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെയുള്ള പ്രവർത്തനമാണ് അംഗീകാരം നേടാൻ സഹായകമായത്.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.നിയാസ്, ജനറൽ സെക്രട്ടറി കെ.പി.രാജേഷ്, ട്രഷറർ കെ.ദിനേശൻ, സെക്രട്ടറി പി.കെ.മനീഷ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.