ഇരുവശവും പാർക്ക്, ഇരിപ്പിടങ്ങൾ, ആൽത്തറ; വികസനത്തിനൊരുങ്ങി കൊയിലാണ്ടിയിലെ മാരാമുറ്റം റോഡ്; പൈതൃക തെരുവായി മാറ്റും


കൊയിലാണ്ടി: നഗരത്തിലെ മാരാമുറ്റം തെരു റോഡ് മോടി കൂട്ടാനുളള പദ്ധതി വരുന്നു. മാരാമുറ്റം പൈതൃക തെരുവായി പരിഗണിച്ച് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മാരാമുറ്റം റോഡ് ആകര്‍ഷകമായി മോടി പിടിപ്പിക്കും. സമീപവാസികള്‍, വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

റോഡിന്റെ ഇരുവശവും ടൈലുകള്‍ വിരിച്ച് മനോഹരമാക്കും. മുക്കാല്‍ കിലോമീറ്ററോളം ദൈര്‍ഘ്യമുളള റോഡിന്റെ ഇരു വശവും പാര്‍ക്ക് രൂപപ്പെടുത്തും. അതിനിടയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും മറ്റും ഉപകരിക്കുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കും. പ്രഭാത,സായ്ഹ്ന സവാരി നടത്താനുളള സൗകര്യം ഇവിടെയുണ്ടാവും. ആല്‍ത്തറ കെട്ടി റോഡിന് സമീപമുളള ആൽമരം സംരക്ഷിക്കും.

റോഡിന്റെ ഇരുവശവും ആകര്‍ഷകമായ രീതിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വൃത്തിയും വെടിപ്പുമുളള തെരുവായി മാരാമുറ്റം റോഡിനെ മാറ്റുകയാണ് ലക്ഷ്യം. മാരാമുറ്റം റോഡില്‍ വിമുക്ത ഭടന്‍മാരുടെ ആവശ്യം പരിഗണിച്ച് സ്മാരകം നിര്‍മ്മിക്കാനും ആലോചനയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഴ്ച ചന്ത നടന്ന സ്ഥലമാണിത്. ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായി ധാരാളം പേരെത്തുമായിരുന്നു. പിന്നീട് ചന്ത മുടങ്ങി.

കൊയിലാണ്ടി ഗവ. ഹയർ സെക്കന്ററി സ്കൂൾ (പഴയ കൊയിലാണ്ടി ബോയ്സ് സ്കൂൾ), പന്തലായിനി ഗവ. ഹയർ സെക്കന്ററി സ്കൂൾ (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ), മാരാമുറ്റം ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലേക്കുളള പ്രധാന പാത കൂടിയാണിത്. ജില്ലയിലെ പ്രധാന നെയ്ത്തു കേന്ദ്രമായിരുന്നു മാരാമുറ്റം തെരു. യു.എ.ഖാദറിന്റെ മേശവിളക്ക്,അഘോര ശിവം ഉള്‍പ്പടെയുളള കഥകളില്‍ പന്തലായനി മാരാമുറ്റം തെരുവിന്റെ ജന ജീവിതം പരാമര്‍ശിക്കുന്നുണ്ട്.

മാരാമുറ്റം പൈതൃക തെരുവ് നവീകരണ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുമെന്ന് കൊയിലാണ്ടി മിഡ്ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഇ.ചന്ദ്രന്‍, അഡ്വ. കെ.ടി.ശ്രീനിവാസന്‍, ഗോപാലകൃഷ്ണന്‍, അജിത്ത്, ഷണ്‍മുഖന്‍, അമീന്‍ എന്നിവര്‍ പറഞ്ഞു. തെരുവ് വികസനത്തിനായി റസിഡന്‍സ് അസോസിയേഷന്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നഗരസഭയ്ക്ക് കൈമാറും.