ഇത് തോടോ റോഡോ? അരിക്കുളം തണ്ടയിൽ താഴെ-മരുതിയാട്ട് മുക്ക് റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാവുന്നു


അരിക്കുളം: നാട്ടുകാർക്ക് ദുരിതയാത്ര സമ്മാനിച്ച് തണ്ടയിൽ താഴെ-മരുതിയാട്ട് മുക്ക് റോഡിലെ വെള്ളക്കെട്ട്. വർഷത്തിൽ ആറ് മാസം റോഡും ബാക്കി മാസങ്ങളിൽ തോടുമാണ് 25 വർഷം പഴക്കമുള്ള ഈ റോഡെന്നാണ് നാട്ടുകാർ പറയുന്നത്. കാൽനടയായി പോലും ഇതുവഴി പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാർ.

സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ, ആശുപത്രിയിലേക്ക് പോകാനുള്ള രോഗികൾ എന്നിവരാണ് റോഡിലെ വെള്ളക്കെട്ട് കാരണം ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനു ശേഷം നിർമിച്ച പല റോഡുകളും ഗതാഗത യോഗ്യമാക്കിയിട്ടും ഈ റോഡ് ഇന്നും കാൽനട യാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ്.

റോഡ് യാത്രായോഗ്യമാവാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരവുമുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.


റോഡിന് ഓവുചാൽ നിർമ്മിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാണ് വാർഡ് മെമ്പർ പറയുന്നത്. എന്നാൽ അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ പ്രശ്നത്തിന് ഇത് കൊണ്ട് പരിഹാരമാകില്ല.

തണ്ടയിൽ താഴെ-മരുതിയാട്ട് മുക്ക് റോഡിനോടുള്ള വർഷങ്ങളായുള്ള പഞ്ചായത്തിന്റെ അവഗണന ഇനി എങ്കിലും അവസാനിപ്പിക്കണമെന്നും മറ്റേതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ചുരുങ്ങിയത് 25 ലക്ഷം എങ്കിലും അനുവദിച്ച് റോഡ് സഞ്ചാര യോഗ്യമക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Summary: Is this a road or a stream? Waterlogging On Arikulam Thanda Below-Maruthiyattu Mukku Road Causes Distress To Locals