മൂന്നുകോടി മുടക്കി നിര്‍മ്മിച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രി ഗൈനക്കോളജി ബ്ലോക്കില്‍ ഇതുവരെ ഒറ്റപ്രസവം പോലും നടന്നില്ല; ; പ്രസവത്തിനായി ആരും ആശുപത്രിയെ സമീപിക്കുന്നില്ലെന്ന് അധികൃതർ
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ കോടികള്‍ മുടക്കി പ്രസവവാര്‍ഡ് നവീകരിച്ച് മാസങ്ങള്‍ക്കിപ്പുറവും ഒറ്റപ്രസവം പോലും നടന്നില്ല. ലക്ഷ്യ പദ്ധതി പ്രകാരം മൂന്നുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഗൈനക്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബര്‍ 20നാണ് നടന്നത്. എന്നാല്‍ ഇതുവരെ ആശുപത്രിയില്‍ ഒരു പ്രസവം പോലും നടന്നിട്ടില്ല.
നിലവില്‍ കൊയിലാണ്ടി മേഖലയിലുള്ള വലിയൊരു വിഭാഗം ആളുകള്‍ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിനെയോ കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയോ ആണ് ആശ്രയിക്കുന്നത്. ഈ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് സര്‍ക്കാര്‍ അതത് പ്രദേശത്തെ താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്നത്. മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ പ്രസവസമയത്ത് ഇവര്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കുന്നതാണ് കാണുന്നത്.
ആശുപത്രിയില്‍ ഈ രംഗത്ത് പരിചയ സമ്പന്നരായ നഴ്‌സുമാര്‍ അധികം ഇല്ലാത്തതും
ഒരു പ്രശ്‌നമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എച്ച്.എം.സി വിദഗ്ധരായ നഴ്‌സുമാരെ ആശുപത്രിയില്‍ നിയമിക്കുകയും ചികിത്സയ്ക്കായി സമീപിക്കുന്ന ഗര്‍ഭിണികളില്‍ ആത്മവിശ്വാസമുണ്ടാക്കിയെടുക്കുകയും ചെയ്താല്‍ താലൂക്ക് ആശുപത്രിയിലെ നിലവിലെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനാവും.
സൗകര്യക്കുറവല്ല, മറിച്ച് പ്രസവത്തിനായി ആരും ആശുപത്രിയിലെത്താതാണ് പ്രശ്‌നമെന്നാണ് ആശുപത്രി സൂപ്രണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘ജനുവരി മുതല്‍ പ്രസവത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഗൈനക്കോളജി ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ പ്രസവത്തിനായി എത്തുന്നില്ലയെന്നതാണ് പ്രശ്‌നം. പ്രസവനത്തിനു മുന്നോടിയായും മറ്റുമുള്ള ചികിത്സയ്ക്കുവേണ്ടിയാണ് നിലവില്‍ ഈ ബ്ലോക്ക് ഉപയോഗിക്കുന്നത്.’ സൂപ്രണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.