കാണാതായി രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിച്ചില്ല, ഒടുവിൽ ഇന്ന് വൈകീട്ട് മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളി അഭയന്റെ മരണത്തിൽ ഞെട്ടി കൊയിലാണ്ടി ഹാർബർ
കൊയിലാണ്ടി: മത്സ്യത്തൊഴിലാളിയായ അഭയന്റെ മരണത്തിന്റെ ഞെട്ടലിലാണ് കൊയിലാണ്ടി ഹാർബർ പരിസരത്തുള്ളവർ. ശനിയാഴ്ച രാത്രി മുതൽ കാണാതായെങ്കിലും അഭയൻ തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളെയും കെടുത്തിക്കൊണ്ട് ഇന്ന് വൈകീട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഹാർബറിന്റെ ശുചിമുറിക്ക് സമീപമുള്ള ചതുപ്പിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ വി.അനീഷ് സ്ഥലത്തെത്തിയാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം തിരിച്ചറിഞ്ഞത്.
അൻപത്തിരണ്ടുകാരനാണ് അഭയൻ. പരേതനായ മാധവൻ്റെയും വിലാസിനിയുടെയും മകനാണ്.
ഭാര്യ: ലത.
മക്കൾ: അക്ഷയ്, അനഘ.
സഹോദരങ്ങൾ: ഗോകുലൻ, യമുന, അമ്പിളി, ബിന്ദു, ബബിത, മണികണ്ഠൻ.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.