ബോംബൈയില്‍ ഇടിമുഴക്കം തീർത്ത കൊയിലാണ്ടിയുടെ സ്വന്തം മണമല്‍ കൃഷ്ണനും, ഇന്ത്യയുടെ ഉപനായകനായ ശിവദത്ത് റോണിയും; പിന്നെ ജോളി ബ്രദേഴ്സും പ്യൂപ്പിള്‍ ക്ലബ്ബും: അറിയാം കൊയിലാണ്ടിയുടെ ഫുട്ബോള്‍ പെരുമ


ജിന്‍സി ടി.എം.

ലോകത്തിലെ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് ജീവശ്വാസമായ കായിക വിനോദം, ഫുട്‌ബോള്‍, ഇന്ന് ഫുട്‌ബോളിന്റെ ദിനമാണ്. എല്ലാ ടീമുകളും മത്സരിച്ച ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടന്ന ദിനമാണ് ലോക ഫുട്‌ബോള്‍ ദിനമായി ആചരിക്കുന്നത്. ഇന്ന് അതിന്റെ നൂറാം വാര്‍ഷികമാണ്. ഈ നൂറുവര്‍ഷക്കാലത്തിനിടെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത ചരിത്രത്തില്‍ കൊയിലാണ്ടിയ്ക്കും പറയാനുണ്ട്, ഫുട്‌ബോളിനെ അടപടലം സ്‌നേഹിച്ച്, ആ പന്തിന് പിന്നാലെ ഓടിയകാലത്തെക്കുറിച്ച്.

തീര്‍ച്ചയായും 1950കള്‍ക്ക് മുമ്പും കൊയിലാണ്ടിയിലെ യുവത ഫുട്‌ബോളിനെ പ്രണയച്ചിട്ടുണ്ടാവും, ആ ഓര്‍മ്മകള്‍ പലതും മങ്ങിപ്പോയിട്ടുണ്ടാവും. കൊയിലാണ്ടിയിലെ പഴയകാല ഫുട്‌ബോള്‍ താരവും ഇപ്പോഴും പരിശീലന രംഗത്ത് സജീവവുമായ ഋഷി ദാസ് തന്റെ ഓര്‍മ്മകളില്‍ നിന്നും അന്‍പതുകളിലാണ് ഇവിടെ ഫുട്‌ബോളിന് വളര്‍ച്ചയുണ്ടായതെന്ന് പറയുന്നു. കൊയിലാണ്ടിയിലെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനം, അതായത് ഇന്നത്തെ സ്‌റ്റേഡിയം അതായിരുന്നു ഫുട്‌ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സ്ഥിരം കേന്ദ്രം. ഇന്നത്തെപ്പോലെ ഇത്തിരിപ്പോന്ന സ്ഥലമല്ല, എ, ബി, സി എന്നിങ്ങനെ മൂന്ന് കോര്‍ട്ടുകളൊക്കെയായി വിശാലമായ ഒരിടം. ഇന്നത്തെ ദേശീയപാതയുടെ തൊട്ടടുത്തുള്ള സ്റ്റേഡിയത്തിന്റെ ഭാഗം, അതായിരുന്നു എ കോര്‍ട്ട്. അവിടെ സീനിയര്‍ കളിക്കാരുടെ ഇടമാണ്. തൊട്ടടുത്ത ബി കോര്‍ട്ടിയില്‍ സീനിയേഴ്‌സിന് തൊട്ടുതാഴെ വരുന്നവര്‍ കളിക്കും. സി കോര്‍ട്ട് കുട്ടികളുടെ കേന്ദ്രമാണ്. ഇതൊക്കെ പോരാഞ്ഞ് ഇന്നത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിന്റെ അടുത്തായി ചെറിയൊരു മൈതാനമുണ്ടായിരുന്നു, അതായിരുന്നു കുഞ്ഞുകുട്ടികളുടെ ഫുട്‌ബോള്‍ കോര്‍ട്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ പിന്നാലെ പോകുന്ന കായിക വിനോദം, അതായിരുന്നു ഇവിടെ ഫുട്‌ബോള്‍.

അന്‍പതുകളില്‍ തന്നെ ക്ലബ്ബുകളും കളിക്കാരും ഇവിടെ സജീവമായിരുന്നു. അറുപതുകളില്‍ ക്ലബ്ബുകള്‍ തമ്മില്‍ വാശിയേറിയ മത്സരങ്ങളും ടൂര്‍ണമെന്റുകളുമൊക്കെ നടന്നിരുന്നു. ജോളി ബ്രദേഴ്‌സ്, ബ്രദേഴ്‌സ് എന്നിങ്ങനെയുള്ള ക്ലബ്ബുകള്‍ അന്ന് പേരുകേട്ടവയായിരുന്നു. ജോളി ബ്രദേഴ്‌സിലെ പ്രമുഖ കളിക്കാരില്‍ പലരും കോഴിക്കോട് ജില്ലയിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിച്ചിരുന്നു. ആത്മാറാം, എ.ശങ്കരന്‍, വില്യം ഹെര്‍മന്‍, പി.പി.ഗോപാലന്‍, മണമല്‍ വേലായുധന്‍… അങ്ങനെ ഒരുപാട് ഒരുപാട് കളിക്കാര്‍.

അറുപതുകളുടെ പകുതിയ്ക്ക് ശേഷമാണ് പ്യൂപ്പിള്‍സ് ക്ലബ് എന്ന ക്ലബ് രൂപംകൊണ്ടത്. കൊയിലാണ്ടിയില്‍ നിന്നും കെ.എഫ്.എ രജിസ്റ്റര്‍ ചെയ്ത ആദ്യ ക്ലബ്ബായിരുന്നു ഇത്. 1966 മുതല്‍ ഇവര്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ലീഗില്‍ കളിക്കാന്‍ തുടങ്ങി. ഈ ക്ലബ്ബാണ് പിന്നീട് ഭഗത്സിങ് മെമ്മോറിയല്‍ ക്ലബ്, ക്വാര്‍ട്‌സ് സോക്കര്‍ കൊയിലാണ്ടി എന്നിവയെല്ലാമായി മാറിയത്. കൊയിലാണ്ടിയിലെ റെയില്‍വ്യൂ ക്ലബ്ബും കോഴിക്കോട് ലീഗില്‍ കളിച്ചിരുന്നു.

പഴയ ക്ലബ്ബുകളില്‍ ചിലത് പേരുമാറ്റത്തോടെയും രൂപമാറ്റത്തോടെയും ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ കൊയിലാണ്ടിയിലെ കളിക്കാരാരുമില്ലെന്നാണ് ഋഷിദാസ് പറയുന്നത്. ”ഫുട്‌ബോള്‍ ഇന്ന് ബിസിനസായി മാറി. ക്ലബ്ബുകള്‍ നിലനിര്‍ത്തി കളിക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാമ്പത്തിക ബാധ്യതയൊന്നും ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാതെയായി. ക്ലബ്ബുകള്‍ക്ക് പകരം അക്കാദമികളായി.” അദ്ദേഹം പറഞ്ഞു.

”പണ്ട് പ്യൂപ്പിള്‍സ് ക്ലബ്ബില്‍ ആദ്യമായി കളിക്കുമ്പോള്‍ ബൂട്ട് വാങ്ങിയതൊക്കെ ഞങ്ങള്‍ കളിക്കാര്‍ തന്നെയായിരുന്നു. പിന്നീട് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനായി ഫണ്ട് കണ്ടെത്തുന്നതിന് നാടകമൊക്കെ നടത്തിയിരുന്നു” അദ്ദേഹം ഓര്‍ക്കുന്നു. എഴുപതുകളിലും കൊയിലാണ്ടിയില്‍ ക്ലബ്ബുകള്‍ സജീവമായിരുന്നു. സച്ചിന്‍ സ്മാരക ഫുട്‌ബോള്‍ ക്ലബ്ബ്, യുണൈറ്റഢ് ക്ലബ്ബ് എന്നിവയൊക്കെ അക്കാലത്തുള്ളതാണ്. ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ചെറിയ മങ്ങാട് ജ്ഞാനോദനയം ക്ലബ്ബും അക്കാലത്ത് തുടങ്ങിയതാണ്.

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പല ടീമുകളിലും കളിച്ചവരിലും പരിശീലിപ്പിച്ചവരിലും കൊയിലാണ്ടിക്കാരുണ്ടായിരുന്നു. കൊയിലാണ്ടിയിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ മണമല്‍ കൃഷ്ണന്‍ ബോംബെ ടാറ്റാസിനുവേണ്ടി അറുപതുകളില്‍ കളിച്ചയാളാണ്. അദ്ദേഹം പിന്നീട് ബോംബെ ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലും യൂണിയന്‍ ബാങ്കിന്റെ ടീമിലുമൊക്കെ കളിച്ച താരമാണ് ഋഷി ദാസ്. സ്‌കൂളുകളിലും കോളേജുകളിലും ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുമെല്ലാം പരിശീലകനായുമെല്ലാം അദ്ദേഹം ഇപ്പോഴും ഫുട്‌ബോള്‍ രംഗത്ത് സജീവമാണ്. എണ്‍പതുകളുടെ അവസാനം ചെറിയ മങ്ങാട് നിന്നും ശിവദത്ത് റോണിയെന്ന താരോദയമുണ്ടായി. ജൂനിയന്‍ ഇന്ത്യന്‍ ടീമില് കളിക്കുകയും വൈസ് ക്യാപ്റ്റന്‍ പദവി വരെ വഹിക്കുകയും ചെയ്ത താരമായിരുന്നു അദ്ദേഹം. എന്നാല്‍ തുടക്കത്തിലെ ഫോം അദ്ദേഹത്തിന് പിന്നീട് നിലനിര്‍ത്താനായില്ല.

അന്‍പതുകളിലും അറുപതുകളിലുമൊക്കെയുണ്ടായിരുന്നത്ര സജീവമല്ല ഇന്ന് കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ എന്നാണ് നിലവില്‍ ഫുട്‌ബോള്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്ന കെ.ടി.വിനോദനും പറയുന്നത്. ഇന്ന് ഫുട്‌ബോള്‍ പരിശീലനത്തിനായി അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കതും ഫിഫയുടെ സര്‍ട്ടിഫിക്കേഷന്‍ പോലും ലഭിക്കാത്തവയാണ്. സര്‍ട്ടിഫിക്കേഷനോടെ പ്രവര്‍ത്തിക്കുന്നവയില്‍ തന്നെ നാട്ടുകാരില്‍ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട്ടെ പല അക്കാദമികളിലും ലഭിക്കുന്ന അതേ രീതിയിലുള്ള പരിശീലനം കൊയിലാണ്ടിയിലും ലഭിക്കുമെന്നിരിക്കെ തന്നെ കുട്ടികളെ പലരും കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയാണ്. അക്കാദമികള്‍ ഏറെയുണ്ടെങ്കിലും ഇവയില്‍ നിന്നും താരങ്ങള്‍ മുന്നേറി വരുന്നത് വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു.

അഞ്ചാറ് വയസുമുതല്‍ തന്നെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിച്ചുകൊണ്ടുവരാന്‍ സാധിക്കണം. അത്തരത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന്റെയും നഗരസഭയുടെയുമെല്ലാം പിന്തുണവേണം. ഇതിലൂടെ കായിര രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം കുട്ടികള്‍ മറ്റു തെറ്റായ ശീലങ്ങളിലേക്ക് പോകുന്നത് വലിയൊരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും വിനോദ് അഭിപ്രായപ്പെടുന്നു.