മുങ്ങിമരണങ്ങൾ നാട്ടിൽ വർദ്ധിക്കുകയാണ്; ഒരിത്തിരി വെള്ളത്തിലാണെങ്കിലും അപകടം സംഭവിക്കാം; കരുതിയില്ലെങ്കിൽ എങ്ങനാ; ജല അപകട പാഠവുമായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: നാട്ടിലെ മുങ്ങി മരണങ്ങൾ ദിനം പ്രതി വർദ്ധിക്കുകയാണ്. കിണർ, കുളം, പുഴയും കടലും തുടങ്ങി കരുതിയില്ലെങ്കിൽ ഒരിത്തിരി വെള്ളം പോലും അപകടത്തിലാവുന്ന സാഹചര്യമാണ്. ഈ സമയത്ത് കൊയിലാണ്ടിയിലെ ജനങ്ങൾക്ക് അവബോധം നൽകുകയാണ് അഗ്നി ശമന സേന. കൊയിലാണ്ടി നഗരസഭ മൂന്നാ വാർഡ് വികസനസമതിയും കൊയിലാണ്ടി ഫയർഫോഴ്‌സും സംയുക്തമായി ‘ജലാശയ അപകടങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രം എന്നാണല്ലോ ചൊല്ല്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് മരിക്കാൻ ഒരു തൊട്ടിയിലെ വെള്ളം മതി. അതിനാൽ തന്നെ ഏറെ കരുതണം. ജലാശയങ്ങളിൽ പോകുമ്പോൾ കുട്ടികളോടൊപ്പം മുതിർന്നവരും ഉണ്ടാകുമെന്നു ഉറപ്പുവരുത്തണം.
*ഒട്ടു മിക്ക മുങ്ങി മരണങ്ങളും തടയാവുന്നതാണ് എന്നതാണ് സത്യം. അതിനാൽ തന്നെ അപകട സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
*പ്രതീക്ഷിക്കാത്തയിടങ്ങളിലും മുതിർന്നവരുടെ മേൽനോട്ടമെത്താതെ കുട്ടികൾ എത്തിപെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക.
*ഇത് ചെയ്യാൻ പറ്റാത്തയിടങ്ങളിൽ വേലി, മതിൽ കെട്ട് തുടങ്ങിയവയാകാം. പ്രളയസാധ്യതയുള്ളിടത്ത് വെള്ളപൊക്ക സുരക്ഷയ്ക്കായ് ശാസ്ത്രീയമായി ചിറ കെട്ടുകയും വരമ്പ് തീർക്കുകയും ചെയ്യുക.
*മൂടാത്ത കിണറുകൾ മറ്റൊരു അപകട സാധ്യതയാണ്. ആരെങ്കിലും വീണ് വാർത്തയാകുന്നത് വരെ അത് മൂടാൻ കാത്തു നിൽക്കണമെന്നല്ല. മനുഷ്യർക്ക് മാത്രമല്ല കന്നുകാലികൾക്കും.
*പൊട്ടകിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങി ബക്കറ്റിലെ വെള്ളം വരെയും അപകട സാധ്യതകളാണ്.
നഗരസഭയുടെ നീന്തൽകുളമായ പുളിയഞ്ചേരികുളം പരിസത്ത് നടന്ന ക്ലാസിന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെ നേതൃത്വം നൽകി. ഫയർ & റസ്ക്യൂ ഓഫീസർ മനോജ് പി.വി പങ്കെടുത്തു. വി രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് നഗരസഭ ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രജില.സി സ്വാഗതം പറഞ്ഞു.