കൊയിലാണ്ടി ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം നഗരസഭക്ക് പാട്ടത്തിന് അനുവദിക്കണം; ആവശ്യമുയര്‍ത്തി താലൂക്ക് വികസന സമിതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം നില്‍ക്കുന്ന റവന്യൂ ഭൂമി നഗരസഭക്ക് പാട്ടത്തിന് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി താലൂക്ക് വികസന സമിതി. ജനുവരി ആറിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.

1998ലാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സ്‌റ്റേഡിയം 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. ഭൂമി തിരിച്ചെടുത്ത് കായിക മേഖലയിലെ സമഗ്ര വികസനത്തിനും, മറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് കൊയിലാണ്ടി നഗര സഭക്ക് അനുവദിക്കണമെന്നാണ് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടത്.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ വനഭൂമിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കര്‍ഷകരുടെ കൃഷിഭൂമിക്ക് ഭീഷണിയായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടിസ്വീകരിക്കാനും യോഗത്തില്‍ ആവിശ്യമുയര്‍ന്നു. യോഗത്തില്‍ തഹസില്‍ദാര്‍ സി.പി.മണി സ്വാഗതം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗം വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍, സമിതി അംഗങ്ങള്‍ വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.