വരുമാനം കൂടുതലെന്ന് പറഞ്ഞ് പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ജീവിതം വഴിമുട്ടി; തിക്കോടി സ്വദേശി കണ്ണന്റെയും കുടുംബത്തിന്റെയും സങ്കടം മായ്ച്ച് മന്ത്രി



കൊയിലാണ്ടി:
കൊയിലാണ്ടി താലൂക്ക് തല അദാലത്തിലൂടെ കുറച്ചുകാലമായി കുടുംബം അഭിമുഖീകരിച്ച പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായതിന്റെ സന്തോഷത്തിലാണ് ചിങ്ങപുരം പിലാക്കാടന്‍ കണ്ടി കണ്ണനും കുടുംബവും. ഭാര്യയും ഭിന്നശേഷിക്കാരനായ മകനും അടങ്ങുന്നതാണ് കണ്ണന്റെ കുടുംബം. കുടുംബത്തിന് വലിയ ആശ്രയമായിരുന്നു സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍.

എന്നാല്‍ വില്ലേജ് അധികൃതര്‍ വരുമാന സര്‍ട്ടിഫിക്കറ്റില്‍ അധികവരുമാനമെഴുതിയതോടെ ആശ്രയമായിരുന്നു പെന്‍ഷനും ഇല്ലാതായി. ഈ പ്രശ്‌നവുമായാണ് കണ്ണനും കുടുംബവും കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് തല ആദാലത്തിനെത്തിയത്.

പരാതികേട്ട മന്ത്രി പി.എ.മുഹമ്മദ് റിയാസ് നഷ്ടമായ പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ എ.ഡി.എമ്മിന് നിര്‍ദേശം നല്‍കി.
മുമ്പ് റേഷന്‍ കട നടത്തിയെന്ന കാരണം പറഞ്ഞാണ് വില്ലേജ് അധികൃതര്‍ വരുമാന സര്‍ട്ടിഫിക്കറ്റില്‍ അധിക വരുമാനമെഴുതിയത്.

എന്നാല്‍, നിലിവല്‍ റേഷന്‍ കട നടത്തുന്നില്ലെന്ന് കണ്ണന്‍ മന്ത്രിയെ അറിയിച്ചു. ടൗണ്‍ഹാളിന്റെ താഴെ നിലയില്‍ ഭിന്നശേഷിക്കാരനായ മകന്‍ ഷിജുവിന്റെ അടുത്തെത്തിയാണ് മന്ത്രി പരാതി കേട്ടത്. രണ്ട് പേര്‍ക്ക് വാര്‍ധക്യ പെന്‍ഷനും മകന് ഭിന്നശേഷി പെന്‍ഷനുമായി 4800 രൂപയാണ് മാസം കിട്ടിക്കൊണ്ടിരുന്നത്.