വാളെഴുന്നള്ളത്തും ഇളനീരാട്ടവും; മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്, ഉത്സവ ലഹരിയിൽ നാട്
കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്. ഇന്ന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നെരവത്ത് കുന്നിൽ വാഴയിൽ ഭഗവതിക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിലേക്ക് വാഴയിൽ ക്ഷേത്രത്തിൽനിന്ന് വാളെഴുന്നള്ളത്ത്, ഓട്ടൻതുള്ളൽ, കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള ആറാട്ടെഴുന്നള്ളത്ത് എന്നിവ നടക്കും.
കുളിച്ചാറാട്ട്, മാണിക്യംവിളി എന്നിവ നടക്കും. എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാർ, മുചുകുന്ന് ശശിമാരാർ, കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശേരി വിനോദ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളമുണ്ടാവും. ബുധനാഴ്ച വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽനിന്ന് മടക്കെഴുന്നള്ളത്ത് കോവിലകം ക്ഷേത്രത്തിലെത്തുന്നതോടെയാണ് ഉത്സവം സമാപിക്കുക.
പള്ളിവേട്ടയോടനുബന്ധിച്ച് തിങ്കളാഴ്ച കോട്ടയിൽ ക്ഷേത്രത്തിൽ തണ്ടാന്റെവരവ്, ഇളനീർക്കാവ് വരവുകൾ, ഇളനീർവെപ്പ്, കോവിലകം ക്ഷേത്രത്തിലേക്കുള്ള പള്ളിവേട്ടയെഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവ നടന്നു. മട്ടന്നൂർ ശ്രീരാജിന്റെ നേതൃത്വത്തിൽ പാണ്ടിമേളവുമുണ്ടായിരുന്നു.
മാർച്ച് ഒമ്പതിനാണ് ആറാട്ട് മഹോത്സവത്തിന് കൊടിയേറിയത്. തുടർന്ന് ആചാര ചടങ്ങുകൾക്കൊപ്പം വൈവിധ്യമായ പകലാ പരിപാടികളും ഉണ്ടായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ഉത്സവം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നാടും നാട്ടുകാരും.