വീടിന് സമീപം നായ കുരക്കുന്നത് കേട്ട് നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടി; കൂത്താളിയില്‍ പുലിയോട് സാദൃശ്യുള്ള ജീവിയെ കണ്ടതായി വീട്ടമ്മ: പരിശോധന നടത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ എരംതോട്ടം പൂവ്വാറ ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടമ്മ. ഇന്ന് വൈകീട്ട് 5.45 ഓടെയാണ് സംഭവം. കടിയങ്ങാട് മഹിമക്ക് സമീപം ഏരന്‍തോട്ടം ഭാഗത്ത് പൂവാറച്ചാലില്‍ പത്മിനിയാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്.

വീടിന് സമീപം നായ കുരക്കുന്നത് കേട്ട് നോക്കിയപ്പോള്‍ റോഡില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായും താന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവി കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നെന്നും വീട്ടമ്മ പറയുന്നു.

ജനപ്രതിനിധികളും പെരുവണ്ണാമൂഴി ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എന്‍.ടി. ബിജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ ഹമീദിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകളൊന്നും കണ്ടെത്താനായില്ലെന്ന് വനപാലകര്‍ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തി.

കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം വി. ഗോപി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ് എന്നിവര്‍ സ്ഥലത്തെത്തി.