കൂത്താളിയില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്ന് ആരോപണം; പ്രസിഡന്റും ജനപ്രതിനിധികളും നേരിട്ടെത്തി പ്രതിഷേധിച്ചു
കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളോട് അപമര്യാദയായി സംസാരിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ജനപ്രതിനിധികളും ഹരിത കര്‍മ്മസേനാംഗങ്ങളും സ്റ്റേഷനില്‍ നേരിട്ടെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
13ാം വാര്‍ഡില്‍ ഹരിതാകര്‍മ്മസേനാംഗങ്ങളായ പ്രജില, നിഷിധ രാജ് എന്നിവര്‍ വാര്‍ഡിലെ വല്ലാറ്റേമേല്‍ മൂസയ്ക്കും മകന്‍ ഹാരിസിനും എതിരെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറാവാതിരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് മൂസയുടെ വീട്ടിലും പരിസരത്തും മാലിന്യങ്ങള്‍ ശേഖരിക്കാനായി നിഷിധയും പ്രജിലയും പോയിരുന്നു. സേനാംഗങ്ങള്‍ എത്തുന്ന സമയത്ത് മൂസയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പരിസരത്തെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകാനുള്ള സൗകര്യാര്‍ത്ഥം മൂസയുടെ വീടിന് സമീപം സൂക്ഷിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മൂസ അന്ന് രാത്രി ഇരുവരെയും വിളിക്കുകയും ഉടന്‍ മാലിന്യങ്ങള്‍ മാറ്റണമെന്ന് ശഠിക്കുകയും ചെയ്യും.
ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ഹരിതകര്‍മ്മസേനാംഗങ്ങള്‍ രാത്രി തന്നെ ഇവരുടെ വീട്ടിലെത്തിയെങ്കിലും ഇവര്‍ ഗേറ്റ് തുറക്കാനോ മാലിന്യങ്ങള്‍ മാറ്റിവെക്കാനോ അനുവദിക്കാതെ ഇവരെ അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി.
ഹരിതകര്‍മ്മസേനാംഗങ്ങള്‍ ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും പിറ്റേദിവസം തന്നെ പരാതി നല്‍കി. പഞ്ചായത്ത് സെക്രട്ടറി മുഖാന്തരം പേരാമ്പ്ര സി.ഐയ്ക്ക് ഇമെയില്‍ വഴിയും പിന്നീട് നേരിട്ടും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ 25 ദിവസങ്ങള്‍ക്കിപ്പുറവും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
കേസെടുക്കാന്‍ വൈകുന്നത് സംബന്ധിച്ച് തിരക്കിയപ്പോള്‍ മധ്യസ്ഥശ്രമം നടത്തി ഒത്തുതീര്‍പ്പാക്കാനാണ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം മൂസയെയും കുടുംബത്തെയും സമീപിച്ചെങ്കിലും അവര്‍ തയ്യാറായില്ല. വീണ്ടും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പറ്റില്ലയെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ടുപോയതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.