താലപ്പൊലിയും മുത്തുക്കുടയും ഇളനീര്‍ക്കുലകളുമായി ഭക്തര്‍ കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയിലേക്ക്; വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകളെത്തി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ കൊടിയേറ്റനാളിലെ അവകാശവരവുകള്‍ ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ളതാണ് ആദ്യ അവകാശവരവ്.

കൊണ്ടാടുംപടി ക്ഷേത്രത്തിലെ വരവിന് പിന്നാലെ പണ്ടാരക്കണ്ടി അവകാശവരവും ക്ഷേത്രത്തിലെത്തി. കുന്ന്യോറമല ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള വരവ് ഇത്തവണയുണ്ടാവില്ല. കുട്ടത്ത് കുന്ന്, പുളിയഞ്ചേരി പൊതുവരവ് ഉച്ചയോടെ എത്തി. താലപ്പൊലിയും ഇളനീര്‍കുലയും ചമയങ്ങളും മുത്തുക്കുടകളുമൊക്കെയുള്ള വരവുകള്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയ ഭക്തരില്‍ ഉത്സവലഹരി തീര്‍ത്തു. പിഷാരികാവിലെത്തുന്ന കോമരങ്ങള്‍ക്ക് കുടിക്കാനുള്ളതാണ് വരവുകള്‍ക്കൊപ്പമുള്ള ഇളനീര്‍ക്കുലകള്‍. ആനയുടെ അകമ്പടിയോടെയുള്ളതാണ് പുളിയഞ്ചേരിയില്‍ നിന്നുള്ള അവകാശവരവ്.

വരവുകള്‍ക്കുശേഷം ഉച്ചയ്ക്ക് 1.30 : ഉച്ചപൂജ, വൈകീട്ട് കാഴ്ചശീവേലി, സദനം രാജേഷ് മാരാരുടെ മേളപ്രമാണം, ദീപാരാധന, സോപാന സംഗീതം, രാത്രി 7 മണി കരിമരുന്ന് പ്രയോഗം, രാത്രി 7.15 ന് കേരള കലാമണ്ഡലത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന മിഴാവ് തായമ്പക & നൃത്തസന്ധ്യ എന്നിവ നടക്കും.

ഉച്ചമുതല്‍ ക്ഷേത്രത്തില്‍ അന്നദാനമുണ്ടായിരിക്കും. പുതുതായി നിർമ്മിച്ച അന്നദാന മണ്ഡപത്തിലായിരിക്കും ഇത്തവണ ഭക്ഷണം നല്‍കുക. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ് അന്നദാന മണ്ഡപത്തിലേക്ക് പ്രവേശിക്കേണ്ടത്.