കോമത്ത് തറവാട്ടില്‍ കോമരത്തിന് ആചാരപ്രകാരം സ്വീകരണം, പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് ആനയിച്ചു; പിഷാരികാവ് ക്ഷേത്രത്തിലെ കോമത്ത് പോക്കിന്റെ ചിത്രങ്ങളും വീഡിയോയും കാണാം
കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ചെറിയവിളക്ക് ദിനത്തിലെ പ്രധാന ചടങ്ങായ കോമത്ത് പോക്ക് ആചാരപ്രകാരം നടന്നു. പത്തുമണിയോടെ കോമത്ത് തറവാട്ടിലെത്തിയ കോമരത്തെയും സംഘത്തെയും തറവാട്ടുകാര്‍ ആചാരപ്രകാരം എതിരേറ്റു. തറവാട്ടിലെ പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്ക് കോമരത്തെ ആനയിച്ചു.
ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണ് കോമത്തുപോക്ക്. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാനകോമരമാണ് കോമത്ത് തറവാട്ടിലേക്ക് പോകുന്നത്.
ഇന്ന് രാവിലെ വണ്ണാന്റെ അവകാശവരവ് ആലിന്‍ ചുവട്ടിലെത്തി വണ്ണാന്‍ ആചാരപ്രകാരം കിഴക്കേനടയിലൂടെ കോമരത്തെ സ്വീകരിച്ച് ആലിന്‍ചുവട്ടില്‍ എത്തിച്ചു. അവിടെവെച്ച് കോമരം ഊരാളന്മാരോടും ദേശവാസികളോടുമായി ഭഗവതിയുടെ കല്‍പ്പന അരുളി ചെയ്യുകയും തുടര്‍ന്ന് കോമത്തേക്ക് പോകുകയുമായിരുന്നു. പ്രധാന കോമരത്തിനൊപ്പം മറ്റ് കോമരങ്ങളും അകമ്പടി പോയി. പള്ളിവാളുകളുമായി ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് കോമത്ത് തറവാട്ടിലേക്ക് തലമൂത്ത കോമരം യാത്രയായത്.
അഭിറാം മനോജ് പകർത്തിയ ചിത്രങ്ങള്‍ കാണാം: