”2005ല്‍ ഒരു ഷോയ്ക്കായി ഗള്‍ഫില്‍ പോകുമ്പോഴാണ് ആദ്യം പരിചയപ്പെട്ടത്; സ്വന്തം കഴിവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട് അവര്‍” സുബി സുരേഷിനൊപ്പം പരിപാടി അവതരിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുന്നു
കൊയിലാണ്ടി: സുബി സുരേഷിലൂടെ ബഹുമുഖ പ്രതിഭയായ കലാകാരിയെയാണ് നമുക്ക് നഷ്ടമായതെന്ന് ഗായകനും നടനുമായ കൊല്ലം ഷാഫി. താനുമായി വല്ലാത്തൊരു സാഹോദര്യം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സുബിയെന്നും ആ വേര്‍പാട് തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചെന്നും ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഷാഫിയുടെ വാക്കുകള്‍:
”ഞാന്‍ ആല്‍ബം മീഡിയയില്‍ വന്നശേഷം കലാഭവന്‍ മണിയുടെയൊപ്പമുള്ള ഒന്ന് രണ്ട് പരിപാടിയില്‍ സുബിയും കൂടെയുണ്ടായിരുന്നു. വിദേശയാത്രയില്‍ ഖത്തറിലും ബഹ്‌റൈനിലും ദുബൈയിലും പ്രോഗ്രാം ചെയ്യുന്ന സമയത്തും കൂടെയുണ്ടായിരുന്നു. ഞാന്‍ റജുലയ്‌ക്കൊപ്പം ഫാമിലിയായി പോയ സമയത്തും സുബിയുണ്ടായിരുന്നു സജീവമായിട്ട്.
ഒരു വല്ലാത്തൊരു ബ്രദര്‍ഹുഡ് കാത്തുസൂക്ഷിക്കുന്നതിനപ്പുറത്തേക്ക് നമ്മളിലുള്ള കലാകാരന്മാരെ, ടാലന്റിനെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറുള്ള ഒരു കലാകാരിയായിരുന്നു അവര്‍. സ്റ്റേജില്‍ പബ്ലിക്കിനോട് നമ്മളെ പരിചയപ്പെടുത്തുന്നതിലൂടെയും ഓഫ് സ്റ്റേജിലും ഗ്രീന്‍ റൂമില്‍ എല്ലാവരും കൂടി നില്‍ക്കുമ്പോള്‍ നമ്മുടെ പ്ലസ് പോയിന്റ് എടുത്ത് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലും സുബി മടി കാണിച്ചിരുന്നില്ല.
പുരുഷന്മാര് ഏറ്റവും നന്നായി അവതരിപ്പിച്ചിരുന്ന ഹാസ്യപരിപാടികളില്‍ സ്ത്രീ സാന്നിധ്യംകൊണ്ട് വിസ്മയപൂര്‍വ്വം സ്ഥാനമുറപ്പിച്ചതാണ് സുബി. ഏകദേശം ചെയ്ത എല്ലാ പരിപാടികളും, പ്രത്യേകിച്ച് കുട്ടിപ്പട്ടാളം, വിജയമായിരുന്നു. കുട്ടിപ്പട്ടാളത്തിന്റെ അവതരണ ശൈലി, കുട്ടികളോട് ഇടപെടുന്ന രീതി, അച്ഛനമ്മമാര്‍ കൈകാര്യം ചെയ്യുന്നതുപോലെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നത് ഒക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
2005 ല്‍ ഒരു ഷോയായിട്ട് ഗള്‍ഫില്‍ പോകുമ്പോഴാണ് ആദ്യം പരിചയപ്പെട്ടത്. അന്ന് മുതല്‍ പിന്നീട് എവിടെ വെച്ചുകണ്ടാലും വര്‍ഷങ്ങളുടെ ബന്ധമുള്ള സാഹോദര്യം കാത്തുസൂക്ഷിച്ച വലിയ കലാകാരിയാണ്. ചെയ്തിട്ടുള്ള എല്ലാ വേഷങ്ങളും ഗംഭീരമാക്കിയിട്ടുള്ള അഭിനേത്രിയാണ്. വലിയ കലാകാരിയാണ്. മള്‍ട്ടി ടാലന്റഡ് ആര്‍ട്ടിസ്റ്റിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.”