”ജനങ്ങള് പരിപാടി കാണാന്‍ വന്നതല്ലേ, അവരെ ഞങ്ങള് കൂടി കൈവിടുന്നത് ശരിയല്ലല്ലോ” സംഘാടകര്‍ പണവുമായി മുങ്ങിയിട്ടും തൃക്കരിപ്പൂരില്‍ ഗാനമേള തുടരാന്‍ തീരുമാനിച്ചതിനെക്കുറിച്ച് കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊല്ലം: ഗാനമേളയ്ക്കുവേണ്ടി പിരിച്ചെടുത്ത പണവുമായി പരിപാടിക്ക് തൊട്ടുമുമ്പ് സംഘാടകര്‍ മുങ്ങിയിട്ടും മെഹ്ഫില്‍ നിലാവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണെന്ന് ഗായകന്‍ കൊല്ലം ഷാഫി. ജനങ്ങളെ പറ്റിച്ച് സംഘാടകര്‍ മുങ്ങി, അവരെ ഞങ്ങള് കൂടി കൈവുടുന്നത് ശരിയല്ലല്ലോയെന്നും ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

”ജനങ്ങള് പരിപാടി കാണാന്‍ വന്നതല്ലേ. അവര് നിരപരാധികളാണ്. ടിക്കറ്റ് എടുത്ത് വന്നവരാണ്. അവരെ നമ്മള് കൂടി കൈവിടുകയെന്നത് ശരിയലല്ലോ.” അദ്ദേഹം വ്യക്തമാക്കി.

എസ്.എസ്.ഓര്‍ക്കസ്ട്രയാണ് പരിപാടി നടത്തിയത്. ഏറെക്കാലമായി ഈ ഓര്‍ക്കസ്ട്രയുമായി ചേര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നുവരെ മോശമായ ഒരു അനുഭവം അവരില്‍ നിന്നുണ്ടായിട്ടില്ല. അവരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടതുണ്ട്. അതിനാല്‍ എല്ലാവരും പരിപാടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഷാഫി പറഞ്ഞു.

”പരിപാടി നടത്തിയ എസ്.എസ്. ഓര്‍ക്കസ്ട്രയുടെ ശിഹാബ്ക്കയും സുബൈര്‍ക്കയും, നമ്മളെയൊക്കെ സുബൈര്‍ക്കയാണ് വിളിച്ചത്. സുബൈര്‍ക്ക എത്രയോ വര്‍ഷമായി ഇത്തരത്തില്‍ പരിപാടി നടത്തുന്നയാളാണ്. അദ്ദേഹത്തിന്റെ ഉപ്പ തായ്‌നേരി അസീസ്‌ക്ക തുടങ്ങിവെച്ച കലാസമിതിയാണ്. അവരൊക്കെ ഇന്നുവരെ ഒരാളെയും പറ്റിച്ചിട്ടില്ല. ആര്‍ക്കും പരാതിയില്ല. എവിടെയും പരിപാടി നടത്തിയിട്ട് പൊളിഞ്ഞുപോയിട്ടില്ല. ആര്‍ട്ടിസ്റ്റുകള്‍ക്ക് പൈസ തരാതെ ഒരിക്കലും ഒരു ബാധ്യതയുണ്ടാക്കിയിട്ടില്ല. അത്രയും കൃത്യമായിട്ട് ഞങ്ങള്‍ക്ക് സീസണില്‍ ഒരുപാട് പരിപാടികള്‍ തരികയും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നവരാണ് ഞങ്ങളെ ഈ പരിപാടി ഏല്‍പ്പിച്ചത്. അല്ലാതെ സംഘാടകര്‍ അല്ലല്ലോ. ആ മുങ്ങിയ സംഘാടകരും എസ്.എസ്. ഓര്‍ക്കസ്ട്ര ടീമുമായിട്ടാണ് കരാര്‍. അവരെ പറ്റിച്ച് സംഘാടകര്‍ മുങ്ങിയാല്‍ അവരെ സഹായിക്കുകയെന്നത് അല്ലെങ്കില്‍ വിശ്വസിച്ച് വന്ന ജനങ്ങളെ തൃപ്തിപ്പെടുത്തുകയെന്നത് ഞങ്ങളുടെ കടമയാണ്. അതുകൊണ്ട് എല്ലാവരും ഒത്തൊരുമിച്ച് നിന്നുതന്നെ പരിപാടി വിജയിപ്പിച്ചു.” ഷാഫി വ്യക്തമാക്കി.

കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളമ്പിച്ചി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഹ്ഫില്‍ നിലാവ് പരിപാടിയിലാണ് പണത്തിനുമപ്പുറം ആസ്വാദകരോടുള്ള കമിറ്റ്മെന്റ് നിറവേറ്റി ഷാഫിയടക്കമുള്ള ഗായകര്‍ ആരാധകരുടെ മനംകവര്‍ന്നത്. മെഗാ ഇവന്റിന്റെ പേരില്‍ സംഘാടകര്‍ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നു. പ്രമുഖ ട്രൂപ്പിന്റെ ഗാനമേളയെന്ന പ്രവേശന കൂപ്പണ്‍ അച്ചടിച്ചായിരുന്നു പണപ്പിരിവ്. കൊല്ലം ഷാഫി, കണ്ണൂര്‍ ഷെരീഫ്, രഹ്ന എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാനമേളയ്ക്കുവേണ്ടി സ്ഥലത്തെത്തി. മാസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്തവരെല്ലാം പരിപാടി കാണാനായി നേരത്തെ തന്നെ സ്ഥലംപിടിച്ചു. ഗാനമേള തുടങ്ങുന്നതിന് തൊട്ടുമുമ്പ് സംഘാടകര്‍ സ്ഥലംവിടുകയായിരുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ രണ്ടുപേരാണ് ഗാനമേള പരിപാടിയുടെ പേരില്‍ പണംപിരിച്ച് മുങ്ങിയത്. ഗാനമേള ട്രൂപ്പിന്റെ ഉടമ സുബൈര്‍ പയ്യന്നൂര്‍ ഇവര്‍ക്കെതിരെ ചന്ദേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.