കാളിയാട്ട മഹോത്സവം ആഘോഷമാക്കാം, പിഷാരികാവിൽ ഭക്ത ജനങ്ങളുടെ യോ​ഗം ചേരുന്നു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ആഘോഷമാക്കാനൊരുങ്ങുകയാണ് നാട്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമായതിനാൽ ആദ്യവസാരംവരെയുള്ള ഒരുക്കങ്ങൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കാളിയാട്ട മഹോത്സവത്തിന്റെ ഭാംഗിയായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ യോഗം ചേരുന്നു.

ദേവസ്വം നേരിട്ട് നടത്തുന്ന ആഘോഷ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് അഞ്ചിന് രാവിലെ 10 മണിക്ക് ദേവസ്വം എൽപി സ്കൂളിൽ വെച്ചാണ് യോ​ഗം നടക്കുകയെന്ന് ചെയർമാൻ കെ ബാലൻ നായരും എക്സിക്യൂട്ടീവ് ഓഫീസർ കെ ജഗദീഷ് പ്രസാദം അറിയിച്ചു.

കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് വരുന്ന വരവ് കമ്മിറ്റി ഭാരവാഹികളുടെ യോ​ഗവും ചേരുന്നു. അന്നേദിവസം വൈകിട്ട് മൂന്നുമണിക്കാണ് വരവുമായി ബന്ധപ്പെട്ട യോ​ഗം.

മാർച്ച് 24 മുതൽ 31 വരെയാണ് പിഷാരിക്കാവിലെ കാളിയാട്ട മഹോത്സവം. മാർച്ച് 29ന് ചെറിയ വിളക്കും 30ന് വലിയ വിളക്കും. 31-നാണ് കാളിയാട്ടം. ഉത്സവ നാളുകളില്‍ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിവരെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് മൂന്നുമണിവരെ ഉച്ചഭക്ഷണം നല്‍കുമെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുണ്ടാക്കി രൂപരേഖ തയ്യാറാക്കി.