ഉത്സവ പറമ്പിലെ സെലിബ്രിറ്റി, നെറ്റിപ്പട്ടവും വെണ്‍ചാമരവും അണിഞ്ഞുള്ള നില്‍പ്പായാലും കാവിലെ വിശ്രമവേളയിലായാലും ആരാധകര്‍ ചുറ്റും; കൊല്ലം പിഷാരികാവിലെ ചില ആനക്കാഴ്ചകള്‍ കാണാം


കൊയിലാണ്ടി: ചന്തയും കാര്‍ണിവെല്ലും ആഘോഷവരവുകളുമെല്ലാം ഉത്സവപ്രേമികള്‍ക്ക് ആവേശമാണെങ്കിലും ഉത്സവ പറമ്പിലെ സെലിബ്രിറ്റി അത് ആന തന്നെയാണ്. അത് സ്വര്‍ണനെറ്റിപ്പട്ടമണിഞ്ഞ് തിടമ്പേറ്റി, വെണ്‍ചാമരം വീശി നിന്നായാലും മേക്കപ്പില്ലാതെ വിശ്രമിക്കുന്ന വേളയിലായാലും. ചുറ്റും ആളുകളായിരിക്കും.

കൊല്ലം പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തിനെത്തിയ ആയിരങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്, മുക്കാല്‍ പങ്കും ആനപ്രേമികളാണ്. നിത്യവും കാഴ്ച ശീവേലിയ്ക്ക് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഗജവീരന്മാരുടെ തൊട്ടടുത്ത് നിലയുറപ്പിക്കാനുള്ള തിക്കും തിരക്കും കാളിയാട്ടഘോഷങ്ങളിലെ നിത്യ കാഴ്ചയാണ്. ഇടയ്ക്ക് കൊട്ടിനനുസരിച്ച് ആനപ്പുറത്ത് ഇരിക്കുന്നവര്‍ വെണ്‍ചാമരം ഉയര്‍ത്തുമ്പോള്‍ പിന്നെ ആവേശം കൂടി, ആ കാഴ്ചയൊന്ന് മൊബൈലിലോ ക്യാമറയിലോ പകര്‍ത്താന്‍.

മിണ്ടാന്‍ തുടങ്ങിയിട്ടില്ലാത്ത കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പല്ലുകൊഴിഞ്ഞ്, നാക്കു കുഴഞ്ഞ മുതുമുത്തപ്പന്‍മാര്‍ വരെ ആരാധകരായുള്ളതുകൊണ്ടാവാം ആനകള്‍ക്കെല്ലാം ഇത്ര തലയെടുപ്പ്! എഴുന്നള്ളത്തിനും ശീവേലിയ്ക്കും ഇടയിലാണെങ്കില്‍ വാദ്യപ്രേമികളെപ്പോലെ ശ്രദ്ധയോടെ ഒറ്റനിപ്പാണ്. ഇടയ്ക്ക് നല്ലൊരു ആസ്വാദകനെപ്പോലെ തലയൊന്ന് അനക്കിയാല്‍ ആയി.

വിശ്രമ സമയത്ത് കാവിലാണെങ്കിലും ചുറ്റും കണ്ണുകളാണ്. എവിടെനിന്നൊക്കെ കാവിനകത്തെ കാഴ്ചകാണാമോ അവിടെയൊക്കെ ആളുകളാണ്. ഗേറ്റിന് മുന്നില്‍ സ്ഥിരം കുറേപ്പേരുണ്ടാവും. കുളിക്കുമ്പോഴും തിന്നുമ്പോഴുമെല്ലാം ബോളിവുഡിലെ പാപ്പരാസികളെന്ന പോലെ ആനപ്രേമികളുടെ കൗതുകം നിറഞ്ഞ കണ്ണുകളാണ്. പിഷാരികാവില്‍ നിന്നുള്ള ചില ആനക്കാഴ്ചകള്‍ കാണാം.

തലയെടുപ്പോടെ നിൽക്കുന്ന ​ഗജവീരന്മാരെ കാണാനും ഒപ്പം സെൽഫിയെടുക്കാനുമുള്ള ആളുകളുടെ തിക്കും തിരക്കും ക്ഷേത്ര സന്നിധിയിലെ സ്ഥിരം കാഴ്ചയാണ്. കാവിനകത്തു നിന്ന് ആനകളെ വരിവരിയായി ക്ഷേത്രാങ്കണത്തിലേക്ക് കൊണ്ടുപോകുന്നത് കൗതുകത്തോടെയാണ് എല്ലാവരും നോക്കിനിൽക്കാറ്. തുമ്പിക്കയും വീശിയുള്ള ആനകളുടെ നടത്തം ഏല്ലാവരുടെയുംയും ശ്രദ്ധ ആകർഷിക്കുന്നതാണ്.

വശത്തുകൂടെ കടന്നുപോകുന്ന ആനകളെ ചേർത്തുള്ള പടം പിടുത്തമാണ് മറ്റൊരാകർഷണം. പൊക്കിയും ചരിച്ചും തുടങ്ങി പലവിധത്തിലാണ് ഫോട്ടോയ്ക്കായി ഓരോരുത്തരും മൊബെെൽ പിടിക്കുന്നത്. ആനയുടെ സിം​ഗിൾ ഫോട്ടോയും ദൂരെനിന്നെങ്കിലും ആനയും ഫോട്ടോയിൽ ഇടംപിടിക്കണമെന്ന തരത്തിലാണ് ആനപ്രേമികളുടെ ഫോട്ടോയെടുപ്പ്. ആനയെ തൊടണമെന്നാണ് ഫോട്ടോഷൂട്ട് കഴിഞ്ഞാലുള്ള ആ​ഗ്രഹം. കാഴ്ചശീവേലിക്കായി നിരത്തി നിർത്തിയ ആനകൾക്കരികിലേക്ക് പോകാനായി കുട്ടികൾ വാശിപിക്കാറുമുണ്ട്.

ALSO READ- നെറ്റിപ്പട്ടം ധരിച്ച് വർണ്ണക്കുടകളേന്തി ഗജവീരന്മാർ; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയവിളക്ക് ദിവസം നടന്ന കാഴ്ചശീവേലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജോണി എംപീസിന്റെ ക്യാമറയിലൂടെ