വരവുകളെല്ലാം ക്ഷേത്ര സന്നിധിയിലേയ്ക്ക്; കൊല്ലം പിഷാരികാവ് വലിയ വിളക്ക് ദിനത്തില്‍ ഒഴുകിയെത്തി ആളുകള്‍


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം വലിയ വിളക്ക് ദിനത്തില്‍ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തി ആളുകള്‍. വൈകീട്ട് 3 മണി മുതല്‍ കൊയിലാണ്ടി താലൂക്കിന്റെ വിവിധയിടങ്ങളില്‍ നിന്നുളള വരവുകളെ അനുഗമിച്ച് നിരവധി ആളുകളാണ് ക്ഷേത്ര സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വരവുകള്‍ എല്ലാം തന്നെ കാണാനായി നേരത്തെ തന്നെ ആളുകള്‍ ഇരിപ്പിടം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ക്ഷേത്ര പരിസരം മുതല്‍ കൊല്ലം ചിറ വരെ ആളുകള്‍ തിങ്ങിനിറഞ്ഞ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇളനൂര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ്, മറ്റ് അവകാശവരവുകള്‍ എന്നിവയാണ് ക്ഷേത്രാങ്കണത്തിലെത്തുക.

xr:d:DAFwFFpGp6k:746,j:6994514044749584853,t:24040415

വരവുകള്‍ക്ക് ശേഷം രാത്രി 11 മണിക്ക് പുറത്തെഴുന്നളളിപ്പ് നടക്കും. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്‍ മാരാരുടെ നേതൃത്വത്തില്‍ ഒന്നാം  പന്തിമേളം അരങ്ങേറും. രണ്ടാം പന്തിമേളം മട്ടന്നൂര്‍ ശ്രീകാന്ത് മാരാരുടെ നേതൃത്വത്തിലും നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെ വലിയവിളക്ക് ദിന പരിപാടികള്‍ അവസാനിക്കും.