മതപ്രഭാഷണത്തിനും ദിഖ്‌റുകൾക്കുമായി അഞ്ചു രാവുകൾ : ഉറൂസിന്റെ പുണ്യം നേടാൻ വിശ്വാസികൾ കൊല്ലം പാറപ്പള്ളിയിലേക്ക്
കൊല്ലം: പ്രസിദ്ധരായ ഇസ്‌ലാമിക പണ്ഡിതര്‍ പകര്‍ന്നു തരുന്ന മതപാഠങ്ങളും, ദിഖ്‌റുകളും മജ്‌ലിസുകളുമൊക്കെയായി ആത്മീയതയില്‍ അലിഞ്ഞ് കുറേ സമയം, അതാണ് ഓരോ വിശ്വാസിയെ സംബന്ധിച്ചും പാറപ്പള്ളി ഉറൂസ്. എല്ലാവര്‍ഷവും ശഹബാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഈ ഉറൂസില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് കൊല്ലം പാറപ്പള്ളിയിലെത്തുന്നത്. ഇത്തവണയും വിപുലമായ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
പതിനാല് ഇസ്‌ലാമിക പ്രചാരകരുടെ ഖബര്‍ ഇവിടെ നിലനില്‍ക്കുന്നതിനാലാണ് ഉറൂസ് നടത്തുന്നത്. ഈ വര്‍ഷത്തെ ഉറൂസ് മാര്‍ച്ച് എട്ടാം തിയ്യതി ആരംഭിച്ച് പന്ത്രണ്ടാം തിയ്യതി രാത്രി അവസാനിക്കും. കൊല്ലം കോളം കടപ്പുറത്ത് ജീര്‍ണിച്ച് കിടന്ന ഒരു പള്ളി ഉറൂസിന്റെ ഭാഗമായി ഇത്തവണ പുനര്‍നിര്‍മ്മിച്ചു. കൊല്ലം പാറപ്പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുനര്‍നിര്‍മാണം. ഈ പള്ളി കോഴിക്കോട് ഖാഅളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ഉറൂസ് നടക്കുന്ന ദിവസങ്ങളില്‍ കേരളത്തില്‍ അറിയപ്പെടുന്ന മതപ്രഭാഷകരുടെ പ്രസംഗങ്ങളും പ്രത്യേക ദിഖ്‌റ്, സ്വലാത്ത്, മജ്‌ലിസുകളും നടത്തും. അന്നദാനവും കുട്ടികള്‍ക്കും പൊതുസമൂഹത്തിനുമായുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 12നുള്ള അന്നദാനത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികളുടെ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായിട്ട് ഇസ്‌ലാമിക പ്രചാരകരെത്തിയ ഒരു പ്രദേശമാണ് കൊല്ലം പാറപ്പള്ളി. അറബ് നാട്ടില്‍ നിന്നും പായക്കപ്പല്‍ വഴി കൊല്ലം കോളം കടപ്പുറം വഴിയാണ് അവര്‍ പാറപ്പള്ളിയില്‍ എത്തിച്ചേര്‍ന്നത്. പതിനാലോളം ആളുകള്‍ അതിലുണ്ടായിരുന്നു. ആ പതിനാലുപേരുടെയും മയ്യത്ത് ഖബറടക്കിയത് പാറപ്പള്ളി കുന്നിനുമുകളിലാണ്. അതിനാല്‍ മുസ്‌ലീങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട പ്രദേശമാണ്.
കേരളത്തില്‍ നിന്നും കേരളത്തിന് പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. നോമ്പിന് എല്ലാദിവസവും ഇവിടെ സന്ദര്‍ശകരുണ്ടാകും. ഈ ഖബര്‍ സന്ദര്‍ശിക്കാനും ദൈവത്തോട് പ്രാര്‍ത്ഥിക്കാനുമായാണ് വിശ്വസികള്‍ ഇവിയെത്തുന്നത്. രോഗം കൊണ്ടും മറ്റും പ്രയാസം അനുഭവിക്കുന്നവര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.
കൊയിലാണ്ടിയിലെ എട്ടോളം മഹല്ലുകള്‍ കൊല്ലം പാറപ്പള്ളിക്ക് കീഴില്‍ വരുന്നതാണ്. നമ്പ്രത്തുകര, പുളിയഞ്ചേരി, നടുവത്തൂര്‍, മൊകേരി, പെരുവട്ടൂര്‍, കിള്ളവയല്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൊല്ലം മഹല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ പ്രദേശത്തുള്ള ആളുകള്‍ മരണപ്പെട്ടാല്‍ കൊല്ലം പാറപ്പള്ളിയിലാണ് അവരെ ഖബറടക്കുന്നത്.
ഈ മഹല്ലിന് കീഴില്‍ മതബൗദ്ധിക വിദ്യാഭ്യാസം നല്‍കുന്ന, നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പള്ളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആതുരസേവന രംഗത്തും സജീവമാണ് കൊല്ലം പാറപ്പള്ളി.