നാറുന്നു!!! പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനരികിലെ ആനക്കുളം മാലിന്യങ്ങള്‍ നിറഞ്ഞ നിലയില്‍; കുളം ഉപയോഗപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്തരും നാട്ടുകാരും


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനക്കുളം ചളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കില്‍. ഏതാണ്ട് 30×40 മീറ്റര്‍ വിസ്തൃതിയുളള ചതുരാകൃതിയിലുള്ള ജലാശമാണിത്. ആ പ്രദേശത്തിന്റെ പേരിന് തന്നെ കാരണമായതാണ് ഈ കുളം. എന്നാല്‍ ഇന്ന് മാലിന്യങ്ങളും പായലും അടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ഈ ജലാശയം.

മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുന്നതോടെ സമീപത്തെ റോഡിലൂടെ മാലിന്യം പരന്നൊഴുകാന്‍ തുടങ്ങും. എല്ലാ വര്‍ഷവും കുളത്തിന്റെ നവീകരണത്തിനായുള്ള ചര്‍ച്ചകളും ശ്രമങ്ങളും നടക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ക്ഷേത്രത്തില്‍ എത്തിചേരുന്ന ഭക്തര്‍ക്ക് ഉള്‍പ്പടെ ഉപയോഗിക്കാവുന്ന നിലയില്‍ കുളം കെട്ടി സംരക്ഷിക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കണമെന്നാണ് ഭക്തന്‍മാരുടെയും നാട്ടുകാരുടെയും ആവശ്യം.

ദേശീയ പാതയ്ക്ക് സമീപം പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്നാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ കാവും കുളത്തിനോട് ചേര്‍ന്നാണ് ഉള്ളത്. പിഷാരികാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ എതിരേല്‍ക്കുന്നത് ഈ കുളമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പണ്ട് കാലത്ത് ക്ഷേത്ര ചടങ്ങുകള്‍ക്ക് എത്തുന്ന ആനകളെ ഇവിടെ കുളിപ്പിച്ചിരുന്നെന്നും അതിനാലാണ് ആനക്കുളം എന്ന പേരു വന്നതെന്നുമാണ് പറയപ്പെടുന്നത്.

ഏറെക്കാലമായി കുളം ഉപയോഗശൂന്യമായിട്ട്. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായിരിക്കെ കുളത്തിന്റെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.