‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം, ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’ ഒന്നാംക്ലാസിലെ കേട്ടഴുത്തിന്റെ ഓർമ്മ പങ്കുവെച്ച് കൊല്ലം സ്വദേശിനി
കേട്ടെഴുത്തിന് ജാനകിട്ടീച്ചർ ആ ഒറ്റവാക്ക് പറഞ്ഞപ്പോൾ മനസ്സിൽ നിറയെ വട്ടഫ്രെയിമുള്ള കണ്ണട വെച്ച, മൊട്ടത്തലയുള്ള, പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന ആ മനുഷ്യൻ നിറഞ്ഞുനിന്നു
സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി നടത്തിയ ഒരു കേട്ടെഴുത്ത് മനസ്സിലിന്നും തെളിഞ്ഞു നിൽക്കുന്നു. അതിന്റെ ഓർമ്മകളിലേക്ക് ഞാനൊന്ന് ഊളിയിടുകയാണ്.
എല്ലാ അക്ഷരമാലകളും അവരവരുടെ പേരും ക്ലാസ്സ് ബുക്കിലെ പാഠങ്ങളും ഒക്കെ പഠിപ്പിച്ചുകഴിഞ്ഞ് കൊല്ലപ്പരീക്ഷ അടുക്കാനായപ്പോളാണ് മലയാളം പഠിപ്പിച്ച ടീച്ചർ കേട്ടെഴുത്ത് നടത്തിയത്.
മോടിയിൽ സാരിയുടുത്ത് ജിമ്മിക്കിയും കമ്മലും ഇളക്കിക്കൊണ്ട് താളത്തിൽ കഴുത്താട്ടി അടിവെച്ചടിവെച്ച് നടക്കുന്ന ചുറുചുറുക്കുള്ള ജാനകിട്ടീച്ചറായിരുന്നു മലയാളത്തിന്റെ ടീച്ചർ.
കേട്ടെഴുത്തിന് ഒറ്റ ഒരു വാക്കെ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു. കേട്ടെഴുത്ത് കഴിഞ്ഞപ്പോൾ എല്ലാവരോടും സ്‌ലെയ്റ്റിൽ സ്വന്തം പേരെഴുതി മേശപ്പുറത്ത് വയ്ക്കാൻ പറഞ്ഞു ജാനകിട്ടീച്ചർ..
ടീച്ചർ ഓരോരുത്തരുടെയും സ്‌ലെയ്റ്റ് നോക്കി വായിച്ചുതുടങ്ങി. എന്റെ സ്ലെയ്റ്റ് കിട്ടിയപ്പോൾ ടീച്ചർ അതിൽ എഴുതിയ പേര് വിളിച്ചുപറഞ്ഞു..
‘ആരാ ഷമീമ? ഷമീമ കൈ പൊക്കണം.!’
ബെഞ്ചിലിരിക്കുകയായിരുന്ന ഞാൻ ചാടിയെണീറ്റു കൈരണ്ടും നല്ലോണം പൊക്കിത്തന്നെ നിന്നു..
‘ഒറ്റ അക്ഷരവും തെറ്റാതെ എഴുതി..മിടുക്കി..ഇങ്ങ് അടുത്ത് വാ ഷമീമക്കുട്ട്യേ..എല്ലാരും ഉറക്കെ ഒന്ന് കൈയടിച്ചെ..’
ജാനകിട്ടീച്ചർ കുട്ടികളെ അടിക്കുന്ന വടി മേശപ്പുറത്ത് ചടപടാ അടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു.
എല്ലാവരും അതാ കൈയടിക്കുന്നു. മറ്റു കുട്ടികളെയൊന്നും ടീച്ചർ ഇങ്ങന വിളിച്ചില്ലല്ലോയെന്ന അഭിമാനചിന്തയോടെ ഞാൻ മന്ദം മന്ദം അന്നനടയായി ജാനകിട്ടീച്ചറുടെ അടുത്തേക്ക് നടന്നു..
പേടികൊണ്ട് വിറക്കുമ്പോഴും ഞാനെന്ന കൊച്ചുകുട്ടിയുടെ തല വല്ലാണ്ട് പൊങ്ങിയിരുന്നു. എന്തൊരതിശയമെ.മറ്റു കുട്ടികൾക്കൊന്നും ടീച്ചർ പറഞ്ഞ ആ വാക്ക് തെറ്റുവരുത്താതെ എഴുതാൻ കഴിഞ്ഞില്ലെന്നോ..
കേട്ടെഴുത്തിന് ജാനകിട്ടീച്ചർ ആ ഒറ്റവാക്ക് പറഞ്ഞപ്പോൾ മനസ്സിൽ നിറയെ വട്ടഫ്രെയിമുള്ള കണ്ണട വെച്ച, മൊട്ടത്തലയുള്ള, പല്ലില്ലാത്ത മോണ കാട്ടിചിരിക്കുന്ന ആ മനുഷ്യൻ നിറഞ്ഞുനിന്നു. ആ വാക്കും..
‘ഷമിക്കുട്ടി സ്ലെയ്റ്റിൽ എഴുതിയതുപോലെ ബോർഡിൽ ഒന്ന് എഴുതിയെ..’
ക്ലാസ്സിൽ ഊയ്യാരം വെയ്ക്കുന്ന കുട്ടികളെ നിശ്ശബ്ദരാക്കാൻ വീണ്ടും മേശപ്പുറത്ത് അടിച്ചുകൊണ്ട് ജാനകിട്ടീച്ചർ ആജ്ഞാപിച്ചു..
ഞാൻ മനസ്സിൽ ഒട്ടിനിൽക്കുന്ന ആ പേര് വിറക്കുന്ന കൈകളോടെ വീണ്ടും ബോർഡിൽ എഴുതി..
‘മ..ഹാ..ത്മാ..ഗാ..ന്ധി..’
പലരും മആൽമാ ഗാന്ധി, മാൽമാഗാന്ധി, മഹാൽമാകാന്ധി, മഹാൽമാ കാന്തി, മാൽമാകാന്ദി എന്നൊക്കെയും ചില വല്ലഭൻമാര് ഗാന്ധിക്ക് പകരം കോന്തിയെന്നു വരെയും ഭീകരമാം വിധം തെറ്റുകൾ വരുത്തി എഴുതിയത് ടീച്ചർ സ്ലെയ്റ്റ് പൊക്കി കാണിച്ചുതന്നു..
സ്കൂളിൽ പഠിക്കാൻ തുടങ്ങും മുമ്പുതന്നെ പെരുമാൾപുരത്ത് ഉമ്മാന്റെയും ഉമ്മാമാന്റെയും കൂടെ ഇടക്ക് പോകാറുണ്ടായിരുന്നു .ആനക്കുളം എത്തിയാൽ എന്റെ കണ്ണുകൾ കൊല്ലം ചിറന്റെ ഓരത്തുള്ള ആ സ്തൂപത്തിലേക്ക് നീളും.മടക്കയാത്രയിലും അത് പതിവാണ് . വീട്ടിൽ തിരിച്ചെത്തിയാൽ ഉമ്മാനോടും ഉമ്മാമാനോടും നൂറുവട്ടം ഞാൻ ചോദിക്കും ‘ആരാ ഉമ്മാ ആ ചെറന്റെ അടുത്തുള്ള തൂണുമ്മല് ഉള്ള ഉപ്പാവാനെ പോലുള്ള ആള് ‘
‘അദ് ഗാന്തിജിയാ..’ ആ ചോദ്യം കേട്ട ഉമ്മാമ പറഞ്ഞുതന്നു ..
‘ഗാന്തിജിയോ..എന്ന് വെച്ചാലാരാ.. ഓലെ മാത്രം രൂപം ചെറന്റെ അടുത്ത് തൂണുമ്മല് ഉണ്ടാക്കി വെച്ചിക്കി.. വേറാരതും ഇങ്ങന ഇല്ലാലോ..ശെരിക്കും ഓലെ പേരെന്താ..’ ‘മഹാൽമാഗാന്തി!’ ഉമ്മ ഒന്നുകൂടെ വിശദമാക്കിത്തന്നു..
പണ്ട് വെള്ളക്കാർ ഇന്ത്യ ഭരിച്ചതും ഗാന്ധിജി അവരെ ഓടിച്ചുവിടാൻ സമരം നടത്തിയതും സ്വാതന്ത്ര്യം കിട്ടിയശേഷം വെള്ളക്കാർ അവരുടെ നാട്ടിൽ പോയതും സ്കൂളിൽ പഠിക്കാൻ പോകും മുമ്പുതന്നെ ഉമ്മാന്റെയും ഉമ്മാമാന്റെയും വർത്തമാനത്തിൽകൂടി കുറേശെയായി അറിയാൻ തുടങ്ങി..
‘അവസാനം കണ്ണിച്ചോരയില്ലാത്ത ഏതോ ഒരു ഹറാത്ത് ആ ബല്യോരു മനുശനെ ബെടി വെച്ച് കൊന്ന്വാളഞ്ഞ്..’
ഞെട്ടിക്കുന്ന ഓർമ്മകൾ കൊളുത്തിവലിക്കുന്ന മുഖഭാവവുമായി ഒരുനാൾ ഉമ്മാമ പറഞ്ഞത് അങ്ങനെയായിരുന്നു.
അപ്പോളത്തെ ഉമ്മാമാന്റെ ഭാവം കണ്ടപ്പോൾ ആ സംഭവത്തെപ്പറ്റി അന്ന് പിന്നെ ഒരക്ഷരംപോലും ചോദിക്കാൻ തോന്നിയില്ല.
എന്തായാലും ഞങ്ങളുടെ കൊല്ലത്തുള്ള ചിറന്റെ ഓരത്ത് ഇത്രയും വലിയൊരു മനുഷ്യന്റെ പ്രതിമ ഉള്ളത് ഏതോ ഒരു കവി കോകിലം ഒരു പാട്ടാക്കിയത് ഞങ്ങൾ കുട്ടികൾ പാടിനടക്കലുണ്ടായിരുന്നു..
മഹാത്മാ ഗാന്ധി
കൊല്ലം ചെറ നീന്തി
ഞാനൊന്ന് മാന്തി
നോക്കുമ്പം ഗാന്ധി..
സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തിയപ്പോൾ വാങ്ങിയ പുസ്തകത്തിന്റെ ലാസ്റ്റ്പേജിൽ അതാ കൊല്ലം ചിറയിൽ ഞാൻ കണ്ടിരുന്ന പ്രിയപ്പെട്ട ഗാന്ധിജി നിർമ്മലമായ ചിരിയുമായി നിറഞ്ഞുനിൽക്കുന്നു.
എഴുത്ത് പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ
ആ പേര് ഞാൻ പലവട്ടം വായിച്ചു മനസ്സിൽ കൊത്തിവെച്ചിരുന്നു.
പിന്നെ ജാനകിട്ടീച്ചർ പലപ്രാവശ്യം ബോർഡിൽ എഴുതിക്കാണിച്ചും തന്നിരുന്നു ആ പേര്.
അതുകൊണ്ട് ജാനകിട്ടീച്ചർ ആ പേര് എഴുതാൻ പറഞ്ഞപ്പോൾ ‘ഓ ഇതാണോ കേട്ടെഴുതാനുള്ള വാക്ക് ‘ എന്ന ഒരു വിചാരമായിരുന്നു മനസ്സിൽ.
നോക്കുമ്പോൾ എല്ലാ കുട്ടികളും ആ പേര് ഭീമമായി തെറ്റ് വരുത്തിയാണ് എഴുതിയത്.
ക്ലാസിൽ മുഴുവൻ മാപ്പിളക്കുട്ടികളായിരുന്നു. പഠിക്കണം എന്ന ഉത്സാഹം ഒട്ടുമേ ഇല്ലാത്ത കുട്ടികളുടെയും കുട്ടികൾ പഠിക്കുന്നുണ്ടോയെന്ന് ഒട്ടുമേ ശ്രദ്ധിക്കാത്ത വീട്ടുകാരുടെയും കാലം.
വാക്കുകൾ പഠിക്കുമ്പോൾ അക്ഷരങ്ങൾ മനസ്സിൽ പതിപ്പിക്കാതെ മനപ്പാഠമാക്കി പഠിക്കുന്നതു കൊണ്ടാകും എല്ലാവരും തെറ്റ് വരുത്തിയത്.
‘എല്ലാവരും നാളെ ക്ലാസ്സിൽ വരുമ്പോൾ സ്ലെയ്റ്റിൽ പത്ത് പ്രാവശ്യം മഹാത്മാഗാന്ധി എന്ന് തെറ്റാതെ എഴുതിക്കൊണ്ട് വരണം..’
‘ഊയിന്റപ്പോ.. ഈ ഉമ്മച്ചിക്കുട്ട്യേളെ പഠിപ്പിച്ചെടുക്കാൻ ഇത്തിരി പാട് തന്നെയാണെ’ എന്ന് നൊടിഞ്ഞു കൊണ്ട് കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ കലപില ബഹളം വെച്ചുകൊണ്ടിരുന്ന കുട്ടികളോടായി ജാനകിട്ടീച്ചർ കല്പിച്ചു.
പിറ്റേ ദിവസം എല്ലാ ഉമ്മച്ചിക്കുട്ടികളും സ്ലെയ്റ്റിൽ പത്ത് പ്രാവശ്യം മഹാത്മാഗാന്ധി എന്ന് എഴുതിയാണ് വന്നത്.
ഈ ഉമ്മച്ചിക്കുട്ടി ഒഴികെ.(അമ്പട ഞാനേ..)
വളർന്നു വരുംതോറും അറിഞ്ഞു ഗാന്ധിജി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനം തന്നെയായിരുന്നു എന്ന്..
ഗാന്ധിജിയുടെ ജീവിതകാലം ഒരു യുഗം തന്നെയായിരുന്നു എന്നും..
ഇന്നും കൊല്ലം ചിറന്റെ ഓരത്തുള്ള ആ പ്രതിമ കാണുമ്പോൾ മനസ്സിൽ ഒരു വെളിച്ചം നിറയുമ്പോലെയാണ്..
അനശ്വരപ്രകാധാര ചൊരിയുന്ന ജീവിതദർശനംകൊണ്ട് ഭാരതജന മനസ്സിനാകെ മാതൃകയായി മാറിയ മഹാത്മാവേ അങ്ങേക്ക് പ്രണാമം.