ധന്യം ദീപ്തം, 150ാം വാര്‍ഷികാഘോഷത്തിനൊരുങ്ങി കൊല്ലം എല്‍.പി സ്‌കൂള്‍; ഡിസംബര്‍ 14മുതല്‍ ഫെബ്രുവരി നീളുന്ന ആഘോഷ പരിപാടികള്‍
കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളിന്റെ 150ാം വാര്‍ഷികാഘോഷം ‘ധന്യം ദീപ്തം” വിപുലമായ പരിപാടികളോടെ 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ നടക്കും. 2024 ഡിസംബര്‍ 14 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര കൊല്ലം ടൗണില്‍ നിന്നാരംഭിച്ച് കൊല്ലം ചിറയുടെ സമീപത്തു കൂടെ സ്‌കൂളില്‍ സമാപിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയില്‍ സാമൂഹ്യ സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖരും രക്ഷിതാക്കളും കുട്ടികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും ഘോഷയാത്രയില്‍ അണിചേരും.
പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനചടങ്ങില്‍ പ്രശസ്ത സിനിമാതാരവും മറിമായം ടെലിസീരിയല്‍ പ്രധാന നടനുമായ ഉണ്ണിരാജ്, ഷാഫി കൊല്ലം എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജനപ്രതിനിധികള്‍ ക്ഷേത്ര ട്രസ്റ്റി അംഗങ്ങള്‍, മനേജര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ ഭാരവാഹികള്‍, റസി. അസോസിയേഷന്‍ ഭാരവാഹികള്‍, പൂര്‍വ്വ അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ജിനേഷ്, സജില ജിനേഷ്, ബബിന അനില്‍ എന്നിവര്‍ നയിക്കുന്ന സംഗീതനിശയും അരങ്ങേറും.
150ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, കുട്ടികള്‍ക്കുള്ള പഠനക്യാമ്പുകള്‍, ഡോക്യുമെന്ററി, രക്ഷാകര്‍ത്തൃസംഗമം ,പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം, പുസ്തകോത്സവം, ഗാന്ധി സ്‌ക്വയര്‍, ആദരം, വിവിധ കലാപരിപാടികള്‍ എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളിലായി നടക്കുന്നതാണ്. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ജന:കണ്‍വീനര്‍ എ.പി.സുധീഷ്, ഹെഡ്മിസ്ട്രസ് ബിനിത.ആര്‍, രക്ഷാധികാരി ഇ.എസ്.രാജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ശശി ഭവതാരിണി, രൂപേഷ് മാസ്റ്റര്‍, ഷെഫീഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Summary: Kollam LP School gears up for 150th anniversary celebrations; Celebrations to begin from December 14th to February