ആറാട്ടിനൊരുങ്ങി അനന്തപുരം; കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ദ്രവ്യകലശവും ആറാട്ട് മഹോത്സവവും ജനുവരിയിൽ


കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യകലശവും ആറാട്ട് മഹോത്സവവും ജനുവരി 13 മുതൽ 22 വരെ നടത്താൻ ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര പരിപാലന സമിതി തീരുമാനിച്ചു.

ജനുവരി 13 ന് ശുദ്ധി, 14 ന് ദ്രവ്യകലശം, 15 ന് കൊടിയേറ്റം, 21 ന് പള്ളിവേട്ട, 22 ന് , കുളിച്ചാറാട്ട് എന്നിവ നടക്കും. കൊടിയേറ്റ ദിവസം മുതൽ രാവിലെയും വൈകുന്നേരവും രാത്രിയും ശ്രീഭൂതബലി, തായമ്പക, കുഴൽപറ്റ്, കേളിക്കൈ എന്നിവയും ഉണ്ടാകും.

ക്ഷേത്രപരിപാലനസമിതിയുടെ ആജീവനാന്ത അംഗങ്ങളുടെ യോഗത്തിന് സമിതി പ്രസിഡന്റ് ഇ.എസ്.രാജൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ഇളയിടത്ത് വേണുഗോപാൽ, അജിത് കുമാർ, മോഹൻദാസ് പൂങ്കാവനം, പ്രശാന്ത് ചില്ല, പി.കെ.ബാലകൃഷ്ണൻ, ശശി മുണ്ടക്കൽ, കെ.പി.ബാബുരാജ്, ശിവദാസൻ പനച്ചിക്കുന്ന്, എൻ.എം.പുഷ്പരാജ്, ലീലാ കോറുവീട്ടിൽ, മുണ്ടക്കൽ ദേവി അമ്മ എന്നിവർ സംസാരിച്ചു.

ആറാട്ട് മഹോത്സവം ഭംഗിയായി നടത്തുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകുവാൻ പരിപാലനസമിതി ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.