‘റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്, കടൽ കയറുന്നതോടെ ജനങ്ങൾക്ക് ഭീഷണി ഉയരുകയാണ്’; കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് നന്നാക്കാൻ അടിയന്തര നടപടിവേണമെന്ന ആവശ്യവുമായി നിയമസഭയിൽ കാനത്തിൽ ജമീല എം.എൽ.എ


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ നേരിടുന്ന കടലാക്രമണ ഭീഷണിയും തകർന്നു പോയ കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡും ആയും ബന്ധപ്പെട്ട ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല.

2021 ജൂലൈയിൽ തകർന്ന കാപ്പാട് – കൊയിലാണ്ടി റോഡ്, അതെ അവസ്ഥയിൽ ഇപ്പോഴും തുടരുകയാണ് എന്ന് എം.എൽ.എ നിയമസഭയിൽ പറഞ്ഞു. ‘ടൂറിസ്റ്റുകളും, പ്രദേശ വാസികളും തീരദേശ വാസികളും ഉപയോഗിക്കുന്ന ഈ റോഡ് അറ്റകുറ്റ പണി പോലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഈ വർഷവും കടൽ കയറിക്കൊണ്ടിരിക്കുന്നു, വല്ലാത്ത ഭീഷണിയിലാണ് ജനങ്ങളെന്നും എം.എൽ എ കൂട്ടിച്ചേർത്തു.

കാനത്തിൽ ജമീല എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുന്നതിന്റെ പൂർണ്ണ വീഡിയോ വാർത്തയുടെ അവസാനം കാണാം.

കാപ്പാട് കൊയിലാണ്ടി റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പലയിടങ്ങളിലും കടൽഭിത്തി കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂ ഫ്ലാഗ് ബീച്ച് ആയതോടെ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ റോഡ് തകർന്നു കിടക്കുന്നത് ടൂറിസത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. രാജ്യാന്തര പദവിയായ ബ്ലൂഫ്ലാഗ് ലഭിച്ചതോടെ കാപ്പാട് ബീച്ചിലേക്ക് വിനോദ സഞ്ചാരികൾ ഏറെ വരുന്നുണ്ട്, എന്നാൽ കനത്ത മഴയിൽ തകർന്ന തിരദേശ റോഡ് ഇപ്പോഴും അതേ അവസ്ഥയിൽ കിടക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കാപ്പാട് നിന്നും കൊയിലാണ്ടി ഹാർബറിലേക്കും നഗരത്തിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതാണ് തീരദേശ റോഡ്. ദേശീയ പാതയിൽ അപകടങ്ങളുണ്ടാവുമ്പോൾ എളുപ്പത്തിൽ തിരുവങ്ങൂരിൽ നിന്നും കൊയിലാണ്ടി ദേശീയ പാതയിൽ എത്താനും ഈ വഴി സഹായകരമായിരുന്നു. ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടാവുമ്പോഴും ഈ റോഡ് വഴിയാണ് വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നത്.

എന്നാൽ ഇപ്പോൾ റോഡ് തകർന്നു കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് മുൻപത്തെ പോലെ പോകാൻ ബുദ്ധിമുട്ടുണ്ട്. കാറുകൾ ഉൾപ്പെടെ വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. തുവ്വപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയാണ് റോഡ് തകർന്നു കിടക്കുന്നത്.

വീഡിയോ കാണാം:

 

summary: Koyilandy MLA Kanathil Jamila raised the demands regarding the threat of sea attack in Koilandi and the damaged Kappad-Koilandi coastal road in the Legislative Assembly.