കൊയിലാണ്ടി മണക്കുളങ്ങര ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍


കൊയിലാണ്ടി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി വി.എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വീടുകള്‍ സന്ദര്‍ശിച്ച ശേഷം രണ്ട് ലക്ഷം മലബര്‍ ദേവസ്വം ബോര്‍ഡും 3 ലക്ഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

മലബാര്‍ – ഗുരുവായൂര്‍ ദേവസ്വങ്ങള്‍ ചേര്‍ന്നാണ് തുക നല്‍കുന്നത്. ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തുക നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ഭാരവാഹികളുമായി അദ്ദേഹം സംസാരിച്ചു. മന്ത്രിയോടൊപ്പം എം.എല്‍എ. കാനത്തില്‍ ജമീല, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, അഡ്വ: കെ സത്യന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം .മെഹബൂബ്, കെ.കെ മുഹമ്മദ്, എല്‍.ജി ലിജീഷ്, ടി.കെ ചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരായിരുന്നു അപകടത്തില്‍ മരണപ്പെട്ടത്. വിരണ്ടോടുന്നതിനിടെ ആന തട്ടി ഓഫീസ് കെട്ടിടം തകര്‍ന്നുവീണ് പരിക്കുപറ്റിയാണ് ഇവര്‍ മരിച്ചത്. ഇതില്‍ ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആന വിരണ്ടോടിയതും മരണങ്ങള്‍ സംഭവിച്ചതും. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുള്ള കെട്ടിടത്തിലേക്ക് ആന മറിഞ്ഞു വീഴുകയും കെട്ടിടം തകരുകയും ചെയ്തു. കെട്ടിടം വീണതോടെ അതിനകത്തും പുറത്തും നിന്നവര്‍ അതിനിടയില്‍പെട്ടു. അങ്ങനെയാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.

മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ കാരണക്കാരായവരെ നിക്ഷപക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.