ടിപ്പറും ബുള്ളറ്റും കൂട്ടി ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കൊടുവള്ളി: മുക്കം മുത്തേരിയില്‍ ബുള്ളറ്റ് ടിപ്പറിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
ബുധനാഴ്ച്ച മൂന്നുമണിടോയെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍ ചികിത്സയിലാണ്.
മുഹമ്മദ് ഫസല്‍ ഈങ്ങാപ്പുഴയിലെ സ്വകാര്യ കോളേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം മാജിക്ക് ഷോ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. ഉമ്മ: ഫൗസിയ. സഹോദരങ്ങള്‍ : മുഹമ്മദ് നിഹാല്‍, നിഹ മെഹബിന്‍.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടനടപടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കൊടുവള്ളി മഹല്ല് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.