വിവാഹം കഴിഞ്ഞ് നാലു മാസങ്ങൾ മാത്രം; ഏറെ പ്രതീക്ഷകളുമായി പി.എസ്.സി പരിശീലനത്തിനായി ഭർത്താവിനൊപ്പം പോകുമ്പോൾ അപകടം; ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കൊടക്കാട്ടുംമുറി സ്വദേശിനിയിലൂടെ വിയോഗത്തിൽ വിങ്ങലോടെ കുടുംബം
കൊയിലാണ്ടി: ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണത്തിൽ ദുഃഖത്തിലാഴ്ന്ന് കൊടക്കാട്ടുംമുറി. കൊടക്കാട്ടുംമുറി മീത്തലെ ചാത്തോത്ത് നിജിഷയാണ് ഇന്ന് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടി നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലത്തിലെ എഴുപത്തിയാറാം ബൂത്ത് പ്രസിഡന്റായ അരുണിന്റെ ഭാര്യയാണ്.
നാല് മാസം മുൻപാണ് അരുണിനെ വിവാഹം കഴിച്ച് നിജിഷ കൊടക്കാട്ടുംമുറിയിലെത്തിയത്. പി.എസ്.സി പരീക്ഷാ പരിശീലനത്തിനായി അരുണിനൊപ്പും ആനക്കുളത്തേക്ക് പോകുമ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ അപ്രതീക്ഷിതമായി അപകടമുണ്ടായത്.
ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ ബൈക്കില്‍ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന നിജിഷ ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോഴിക്കോട് വെള്ളയിലാണ് നിജിഷയുടെ സ്വന്തം വീട്. അച്ഛൻ: ദേവദാസൻ. അമ്മ: വിനീത. സഹോദരങ്ങൾ: വിനീഷ്, നിഷ.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊടക്കാട്ടുംമുറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കാരം നടക്കും.