താങ്ങായ് എന്നും കൂടെയുണ്ട്; സിസ്റ്റര്‍ ലിനിയുടെ മക്കളെ കാണാന്‍ വടകരയിലെ വീട്ടിലെത്തി കെ.കെ ശൈലജ ടീച്ചര്‍
വടകര: നിപ വൈറസിനെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കളെ കാണാന്‍ വടകരയിലെ വീട്ടിലെത്തി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ ഭര്‍ത്താവ് സജീഷും ഇപ്പോഴത്തെ ഭാര്യ പ്രതിഭയും മക്കളും ചേര്‍ന്ന് ടീച്ചറെ സ്വീകരിച്ചു. വടകരയിലെ പൊതു പര്യടനത്തിനിടെയായിരുന്നു ലിനിയുടെ മക്കളെ കാണാനായി ടീച്ചറെത്തിയത്.
കുട്ടികളുമായി അല്‍പനേരം സംസാരിച്ച ടീച്ചര്‍ അവിടെ നിന്നും മടങ്ങി. പ്രിയ ലിനിയുടെ മക്കളോടൊപ്പം എന്ന കുറിപ്പോടെ മക്കളെ സന്ദര്‍ശിച്ച കാര്യം ഫേസ്ബുക്കില്‍ ശൈലജ ടീച്ചര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
2018 മെയ് 21നായിരുന്നു ലിനിയുടെ മരണം. പേരാമ്പ്ര ആശുപത്രിയില്‍ വച്ച് നിപ വൈറസിന്റെ ആദ്യ കേസില്‍ തന്നെ ലിനിക്ക് അസുഖം വൈറസ് ബാധിക്കുകയായിരുന്നു. മരണപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും ലിനി ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും നൊമ്പരപ്പെടുത്തുന്നതാണ്. അക്കാലത്ത് കേരളത്തിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ശൈലജ ടീച്ചര്‍ ലിനിയുടെ കുടുംബത്തിന് താങ്ങായി നിന്നിരുന്നു. അന്ന് മുതല്‍ തൊട്ട് ലിനിയുടെ കുടുംബ വിശേഷങ്ങളും മക്കളുടെ കാര്യവും ടീച്ചര്‍ അന്വേഷിക്കാറുണ്ടായിരുന്നു.