”ഇഡി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പി ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു, പ്രതിപക്ഷങ്ങള്‍ക്കെതിരായ മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ രാഷ്ട്രീയ നീക്കള്‍ക്കെതിരെ പ്രതിഷേധം ഉയരണം” അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കെ.കെ.ശൈലജ ടീച്ചര്‍


വടകര: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം അപലപനീയവും രാജ്യമെത്തപ്പെട്ട ഫാസിസ്റ്റ് അധികാരഭീഷണിയുടെ സൂചനയുമാണെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗവും വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. 18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷവും ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്ന് ശൈലജ ടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണെന്ന് കാണണമെന്നും പ്രസ്താവന പറയുന്നു. പ്രതിപക്ഷത്തെ തുറങ്കലിലടച്ച് തെരഞ്ഞെടുപ്പില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാമെന്നാണ് മോഡി സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നാണ് കെജ്രിവാളിന്റെ അറസ്റ്റ് വ്യക്തമാക്കുന്നത്.

രണ്ടു വര്‍ഷക്കാലമായി ഇ.ഡി അന്വേഷിച്ചിട്ടും ഒരു തെളിവുമില്ലാത്ത ഡല്‍ഹി മദ്യനയകേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ അറസ്റ്റുചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളെ ജനാധിപത്യപരമായ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ട് കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുക്കുന്നത് എന്നത് ലജ്ജാകരവും ഉത്കണ്ഠാകുലവുമായ അവസ്ഥയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 50-ാം വകുപ്പ് പ്രകാരം എടുത്ത കേസില്‍ 100 കോടി രൂപ എ.എ.പിക്ക് ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. രണ്ട് വര്‍ഷമായി തുടരുന്ന ഇ.ഡി അന്വേഷണത്തില്‍ 100 കോടിയില്‍ ഒരു രൂപപോലും കണ്ടെത്താനായിട്ടില്ല. യാതൊരുവിധ തെളിവുകളുമില്ലാതെയാണ് ആംആദ്മി പാര്‍ട്ടിയുടെ മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ നേരത്തെ കള്ളപ്പണം വെളുപ്പിച്ച കുറ്റം ആരോപിച്ച അറസ്റ്റുചെയ്ത് ജയിലിലടച്ചത്.

പ്രതികാരബുദ്ധിയോടെ പ്രതിപക്ഷരാഷ്ട്രീയ നേതാക്കളെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് വേട്ടയാടുകയാണ് ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാറെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഡല്‍ഹി ലെഫ.ജനറലിന്റെ ഉത്തരവ് പ്രകാരമാണ് രണ്ട് വര്‍ഷം മുമ്പ് അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തത്. ഇപ്പോഴത്തെ ഈ അറസ്റ്റും ഭീകരത സൃഷ്ടിക്കുന്നതുമെല്ലാം ഇലക്ട്രറല്‍ബോണ്ട് ഉള്‍പ്പെടെ കോടതിയില്‍ നിന്ന് ബി.ജെ.പി സര്‍ക്കാരിനുണ്ടായിരിക്കുന്ന തിരിച്ചടികളെ മറച്ചുവെക്കാനുള്ള ധൃതിപിടിച്ച നീക്കം കൂടിയായിട്ട് കാണേണ്ടതുണ്ട്.

നേരത്തെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത്സോറനെയും ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ആ സംസ്ഥാനത്തെ ജെ.എം.എം സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ സാമ്പത്തിക കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മഹാരാഷ്ട്രയിലെ അശോക്ചവാനും ഝാര്‍ഖണ്ഡിലെ മധുഖോണ്ഡയും ഉള്‍പ്പെടെയുള്ള മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബി.ജെ.പിയിലേക്ക് മാറിയതോടെ ഇ.ഡി അന്വേഷണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതിപക്ഷങ്ങള്‍ക്കെതിരായുള്ള മോഡി സര്‍ക്കാരിന്റെ ലജ്ജാകരവും ജനാധിപത്യവിരുദ്ധവുമായ രാഷ്ട്രീയ നീക്കങ്ങളാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.