”വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നടപടിയുണ്ടാവും” പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി കെ.കെ.ശൈലജ ടീച്ചര്‍
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. പേരാമ്പ്രയിലെ വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണമൊരുക്കിയത്.
വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മനുഷ്യരും- വന്യമൃഗങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശൈലജ ടീച്ചര്‍ പേരാമ്പ്രയിലെ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. കാലാവസ്ഥയില്‍ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചൂട് വളരെയധികം കൂടിയിട്ടുണ്ട്. ഇതൊക്കെ കാരണമാകാം അസ്വസ്ഥരായ വന്യമൃഗങ്ങള്‍ കൂടുതലായി ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞദിവസം ജനവാസമേഖലയിലേക്ക് ഇറങ്ങിയ കാട്ടുപോത്ത് പേരാമ്പ്ര കൂരാച്ചുണ്ടിലെ കര്‍ഷകനെ കൊലപ്പെടുത്തിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.
വനനിയമത്തില്‍ അനുയോജ്യമായ ഭേദഗതികള്‍ വരുത്തി പ്രാദേശിക ഭരണകൂടത്തിന് അക്രമാസക്തരായ മൃഗങ്ങളെ കൊലപ്പെടുത്താന്‍ അധികാരം നല്‍കുന്നതിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും. കൂടാതെ ഇത്തരം സംഘര്‍ഷങ്ങള്‍ രൂക്ഷമായ മേഖലകളില്‍ പ്രാദേശിക ഭരണകൂടവുമായും ഈ രംഗത്തെ വിദഗ്ധരുമായും ചേര്‍ന്ന് മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, പാലേരി, നൊച്ചാട്, അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, തുറയൂര്‍ ഭാഗങ്ങളില്‍ ശൈലജ ടീച്ചര്‍ ഇന്ന് പ്രചരണത്തിനെത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പ്രചരണം രാത്രി ഒമ്പതോടെയാണ് അവസാനിച്ചത്.