സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടടുത്ത നിമിഷം മുതല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണവും ശക്തം, എതിരാളി ഇതുവരെ കളത്തിലിറങ്ങിയില്ല; വടകര തിരിച്ചുപിടിക്കാന്‍ കളംനിറഞ്ഞ് കെ.കെ.ശൈലജയും പ്രവര്‍ത്തകരും


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ തന്നെ കെ.കെ.ശൈലജ ടീച്ചര്‍ വടകരയിലെത്തി പ്രചരണത്തിന് തുടക്കമിടുകയും അതേ ആവേശത്തോടെ പിന്നീടുള്ള ദിവസങ്ങളിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായെത്തി വോട്ടുതേടുന്നതുമാണ് കണ്ടത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിലെത്തി ശൈലജ ടീച്ചര്‍ക്ക് വടകര റെയില്‍വേ സ്റ്റേഷന്‍ മുതല്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. വലിയ തോതിലുള്ള ജനസാന്നിധ്യമാണ് ടീച്ചറെ സ്വീകരിക്കാനുണ്ടായിരുന്നത്. തുടര്‍ന്നിങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പ് പ്രചരണ കേന്ദ്രങ്ങളിലും ഇതുപോലുള്ള ജനപങ്കാളിത്തം കാണാമായിരുന്നു. വടകര മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളും പോസ്റ്ററുകളും ഉയര്‍ന്നുകഴിഞ്ഞു.

പിന്നീടുള്ള ദിവസങ്ങളില്‍ പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത് കൂത്താളി പഞ്ചായത്തുകളില്‍ ശൈലജ ടീച്ചര്‍ എത്തി. നിപ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ട ചങ്ങരോത്തും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലുമെല്ലാം ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജ ടീച്ചര്‍ എത്തിയിരുന്നു. ഏറെ പരിചിതയായ ഒരാളെന്നപോലെയാണ് ഇവിടങ്ങളിലെ വോട്ടര്‍മാര്‍ ടീച്ചറെ സ്വീകരിച്ചത്.

തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലും ശൈലജ ടീച്ചര്‍ ഇതിനകം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. തലശേരിയിലെ മാളിയേക്കല്‍ തറവാട്ടിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ശൈലജ ടീച്ചര്‍ പങ്കെടുത്ത ആദ്യ കുടുംബയോഗം നടന്നത്. ‘കേരളത്തിന്‍ ടീച്ചറമ്മയ്ക്ക് സ്വാഗതമരുളുന്നേ… മാളിയേക്കല്‍ തറവാട് സ്വാഗതമരുളുന്നേ..’ എന്ന് പാടിക്കൊണ്ടാണ് അവിടുള്ളവര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

മാര്‍ച്ച് മൂന്നിന് തലശ്ശേരി, നാലിന് കുറ്റ്യാടി, അഞ്ചിന് നാദാപുരം, ആറിന് പേരാമ്പ്ര, ഏഴിന് വടകര എന്ന നിലയിലാണ് ടീച്ചര്‍ പ്രചരണത്തിനെത്തുക. മാര്‍ച്ച് എട്ടാം തിയ്യതിയാണ് കൊയിലാണ്ടിയില്‍ ആദ്യഘട്ട പ്രചരണത്തിനായി ശൈലജ ടീച്ചര്‍ എത്തുന്നത്.

നിലവിലെ എം.പിയായ കെ.മുരളീധരനാണ് വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. പ്രചരണവും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ആരോഗ്യമന്ത്രി പദവി വഹിച്ചതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത വിശ്വാസവും സ്‌നേഹവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്.