വിവാദ​മായ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ. ലതിക


കൊയിലാണ്ടി: വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. ഫെയ്‌സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നായിരുന്നു നീക്കം. വിവാദസന്ദേശം പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജിൽനിന്ന് നീക്കംചെയ്യണമെന്ന് പോലീസ് നിരന്തരം ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടെന്ന് പറയുമ്പോഴും ലതികയുടെ പേജിൽനിന്ന് ഇതുവരെ സന്ദേശം നീക്കിയിട്ടുണ്ടായിരുന്നില്ല. അന്വേഷണം വീണ്ടും തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ലതിക പോസ്റ്റ് മുക്കിയതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

വ്യാജ പോസ്റ്റ് നിർമ്മിച്ചത് ലീ​ഗ് പ്രവർത്തകന്റെ ഫോണിൽ നിന്നല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത അമ്പല മുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത ലതികയെ അടക്കം 12 പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു.