ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി: കൊയിലാണ്ടിയും മേപ്പയ്യൂരും അടക്കം ജില്ലയുടെ വിവിധഭാഗങ്ങളിലെ 500 ഓഫീസുകളിലേക്ക് കണക്ഷന്‍ നല്‍കി


കൊയിലാണ്ടി: കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ചേവായൂരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രധാന കേന്ദ്രവും കിനാലൂര്‍, മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ഇടങ്ങളില്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായി.

ഇതിനു കീഴില്‍ വരുന്ന 50 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ ഓഫീസുകള്‍ക്കാണ് കണക്ഷന്‍ നല്‍കിയത്. ഇതില്‍ പകുതി ഓഫീസുകളിലും സേവനം തുടങ്ങി. മറ്റിടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.

അതിവേഗ ഇന്റര്‍നെറ്റും മെയിന്റനന്‍സും നല്‍കുന്ന ഗോ ലൈവ് സംവിധാനത്തിലേക്ക് രണ്ടാഴ്ചക്കകം മാറും. 1000 എംബിപിഎസ് വേഗമായിരിക്കും ആദ്യഘട്ടത്തില്‍.

ആദ്യഘട്ടത്തില്‍ 780 കിലോമീറ്റര്‍ കേബിള്‍ വലിച്ചു. രണ്ടാംഘട്ടത്തില്‍ 2100 കിലോമീറ്റര്‍ കേബിള്‍ വലിക്കാനുണ്ട്. ഇതില്‍ 1200 കിലോമീറ്റര്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭെല്ലിനാണ് നിര്‍മ്മാണച്ചുമതല.