പെരുന്നാളും വിഷുവും കളറാക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍


കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം.

ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കേരളം കോടതി നടപടികളിലേക്ക് കടന്നതോടെയാണ് അര്‍ഹമായ വിഹിതത്തില്‍ നിന്ന് പണം നല്‍കാന്‍ കേന്ദ്രം തയ്യാറായത്. ഇതോടെയാണ് പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികള്‍ സുഗമമായത്.

നേരത്തെ 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600രൂപയായി ഉയര്‍ത്തിയതോടെ മാസം 1000കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായി വരുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് ധനസമാഹരണത്തിന് രണ്ടു രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും വലിയ സമരത്തിന് കാരണമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്. നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024-25 വര്‍ഷത്തെ ലീവ് സറണ്ടര്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും ഒടുവിലത്തേത്.

ക്ഷേമ പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ടായിരുന്നു. ഇത് എല്‍.ഡി.എഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ പലരും പങ്കുവച്ചിരുന്നു.