‘കൊയിലാണ്ടി ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക’; ആവശ്യവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം
കൊയിലാണ്ടി: ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം. വലിയ വിസ്തൃതിയുള്ള കൊയിലാണ്ടി, പേരാമ്പ്ര, വടകര, ബാലുശ്ശേരി, താമരശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ചേമഞ്ചേരി, നടുവണ്ണര്‍, ആയഞ്ചേരി, അടിവാരം എന്നീ പുതിയ പൊലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്നാണ് അസോസിയേഷന്‍ അധികൃതരോട് ഉന്നയിച്ച ആവശ്യം.
കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പൊലീസ് സംവിധാനത്തില്‍ കേരള പൊലീസാണ് അഴിമതി കുറഞ്ഞ സേനയെന്നും കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച പൊലീസാണ് കേരളത്തിലേതെന്നും മന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് വി.യൂസഫ് അധ്യക്ഷനായി. അഡീഷനല്‍ എസ്.പി പി.എം.പ്രദീപ്, ഡി.വൈ.എസ്.പിമാരായ വി.വി.ലതീഷ്, എം.സി.കുഞ്ഞിമോയിന്‍ കുട്ടി, പി.പ്രമോദ്, കെ.പി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി.പി.മഹേഷ്, രമേശന്‍ പി, വൈസ് പ്രസിഡന്റ് പ്രേംജി കെ. നായര്‍, കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഭിജിത്ത് ജി.പി, കെ.പി.ഒ.എ സിറ്റി ജില്ലാ പ്രസിഡന്റ് സി.ഷൈജു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.ശ്രീജിത്ത് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സൂരജ് എസ്.ആര്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എ.വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി.പി.ശിവദാസന്‍ വരവ് ചെലവ് കണക്കും ജോയിന്റ് സെക്രട്ടറി പി.രാജീവന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.