മൊബൈലില്‍ നാളെ ആ വലിയ ശബ്ദം വരും; പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നാളെ വലിയ ശബ്ദത്തോടെ ‘എമര്‍ജന്‍സി അലെര്‍ട്ട്’ ഉണ്ടാകാമെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ ഭാഗമായാണിത്. പ്രകൃതി ദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സംവിധാനമാണിത്.
സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളില്‍ ചൊവ്വാഴ്ച (31-10-2023) ടെസ്റ്റ് അലേര്‍ട്ടുകള്‍ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.
ഏത് മൊബൈല്‍ നെറ്റ്വര്‍ക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയാണ് ടെസ്റ്റ് അലേര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്.